ന്യൂദല്‍ഹി: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കുന്ന വ്യവസായി നവ്‌നീത് കല്‍റയെ വലവീശി ദല്‍ഹി പൊലീസ്. രാജ്യതലസ്ഥാനത്തുള്ള നവ്‌നീത് കല്‍റയുടെ മൂന്നു റെസ്റ്റോറന്റുകളിലും റെയ്ഡ് നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല.
എന്നാല്‍ റെയ്ഡില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് റസ്റ്റോറന്‍റുകളില്‍ നിന്നായി ഇദ്ദേഹം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത 524 ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തി. ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പലര്‍ക്കായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ ചര്‍ച്ച ചെയ്യുന്ന ശബ്ദരേഖയുടെ ദല്‍ഹി പൊലീസ് കണ്ടെടുത്തു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 16,000 മുതല്‍ 22,000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ 50,000 മുതല്‍ 70,000 രൂപയ്‌ക്ക് വരെയാണ് വിറ്റിരുന്നത്.
കല്‍റയുടെ ഉടമസ്ഥതയിലുള്ള ല്യൂട്ടെന്‍ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഖാന്‍ ചാച്ച, ടൗണ്‍ ഹാള്‍ എന്നീ റസ്റ്റോറന്‍റുകളില്‍ നടത്തിയ റെയ്ഡുകളില്‍ 105 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തു. കല്‍റയുടെ തന്നെ സൗത്ത് ദല്‍ഹിയിലെ ലോധി കോളനിയിലെ ബാറുള്‍പ്പെടെയുള്ള റസ്റ്റോറന്‍റില്‍ നിന്നും 419 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കണ്ടെത്തി.
മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നവ്‌നീത് കല്‍റ ഒളിവില്‍ കഴിയുകയാണ്. കണ്ടെടുത്ത ശബ്ദരേഖയില്‍ ആര്‍ക്കൊക്കെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ സംസാരിക്കുന്നത് കേള്‍ക്കാം. ഓക്‌സിജന്‍ ആവശ്യപ്പെട്ട് വരുന്ന പല ഫോണ്‍കാളുകള്‍ക്കും ‘ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്’ എന്ന് നവ്‌നീത് കല്‍റ മറുപടി പറയുന്നതായി കേള്‍ക്കാം. ‘എനിക്ക് രണ്ടു ലക്ഷം കാളുകള്‍ വരെ എടുക്കേണ്ടതായി വരുന്നുണ്ട്. എല്ലാവരോടും വ്യക്തിപരമായി ഉത്തരം പറയാന്‍ കഴിിയില്ല. ഏത് മോഡല്‍ ഓക്‌സിജന്‍ സിലിണ്ടറാണ് എന്നതിന് മറുപടി നല്‍കുന്ന ഈ സന്ദേശം ഞാന്‍ അയക്കുന്നുണ്ട്….ഖാന്‍മാര്‍ക്കറ്റിലെ ആളുകള്‍ക്ക് ആള് വീതം ഒരു മെഷീന്‍ (ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍) വച്ച് എനിക്ക് നല്‍കാന്‍ പറ്റും,’ നവ്‌നീത് കല്‍റ പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.
വാട്‌സാപ് ഗ്രൂപ്പു വഴിയും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുള്ള ഓര്‍ഡറുകള്‍ എടുത്തിരുന്നത്. 2020 ഒക്ടോബര്‍ മുതല്‍ നവ്‌നീത് കല്‍റ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്തിരുന്നു. 2021 ഫിബ്രവരിയോടെ ഡിമാന്‍റ് വര്‍ധിച്ചതോടെ ഇറക്കുമതി കൂട്ടി. ഇറക്കുമതി ചെയ്ത മെഷീനുകള്‍ വിവിധ റസ്‌റ്റോറന്റുകളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.
ചൈനയിലെ ഒരു കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആണ് പിടികൂടിയത്. ഇതിന്റെ വില 16,000 മുതല്‍ 22,000 വരെയാണെങ്കിലും കല്‍റ ഇതിന് ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത് 50,000 മുതല്‍ 70,000 രൂപ വരെയാണ്. ചില മെഷീനുകളുടെ കപ്പാസിറ്റി അഞ്ച് ലിറ്റര്‍ വരെയാണെങ്കില്‍ മറ്റ് ചില മെഷീനുകള്‍ ഒമ്പത് ലിറ്ററുകള്‍ വരെയുണ്ട്. അതേ സമയം ദല്‍ഹിയിലെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ക്രൈംബ്രാഞ്ചിന് കൈമാറി.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അന്തരീക്ഷ വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച് രോഗിയ്‌ക്ക് മൂക്കിലെ കാനുലയിലൂടെ എത്തിച്ചു നല്‍കുന്ന യന്ത്രമാണ്. സാധാരണ അന്തരീക്ഷവായുവില്‍ 79ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമാണ് ഉണ്ടാവുക. എന്നാല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്ലഗ് ചെയ്താല്‍ 95 ശതമാനം ഓക്‌സിജന്‍ വരെ രോഗിയ്‌ക്ക് ന്ല്‍കും. കോവിഡ് അതിവ്യാപനത്തില്‍ ഉഗ്രശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ ശ്വാസകോശങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് വന്‍ഡിമാന്‍റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: