കൊല്‍ക്കത്ത: ചീഫ് സെക്രട്ടറിയും ഡിജിപിയും വൈകിട്ട് ആറിന് രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. സംസ്ഥാനത്തെ വിഷയങ്ങളുമായി, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളുടെ, പതിയ വിവരങ്ങളടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ക്രമസമാധാന നില സംബന്ധിച്ച തത് സ്ഥിതി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്കാന് ആഭ്യന്തരവകുപ്പ് അഡീഷല്‍ ചീഫ് സെക്രട്ടറിക്ക് കഴിയാതിരുന്നതോടെ തിങ്കളാഴ്ച ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിക്കാന്‍ തീരുമാനിച്ചത്. ഏഴു മണിക്ക് മുന്‍പ് എത്തണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ഡിജിപിയുടെയും കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെയും റിപ്പോര്‍ട്ട് അയയ്ക്കാത്തത്തിലും ജഗ്ദീപ് ധന്‍കര്‍ക്ക് അതൃപ്തിയുണ്ട്. അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മമത ബാനര്‍ജിയോട് ഗവര്‍ണര്‍ പറഞ്ഞിരുന്നു. നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ എടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.
ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം അക്രമങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം ആഭ്യന്തരമന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി നാലംഗ സംഘം കൂടിക്കാഴ്ച നടത്തി. സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലികളിലെ സംഘര്‍ഷ മേഖലകളും സംഘം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: