ന്യൂദല്‍ഹി : കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കിയതോടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീംകോടതി. ജയിലുകളില്‍ രോഗവ്യാപനം തടയുന്നതിനായാണ് സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്.
നേരത്തെ കോവിഡിന്റെ തുടക്കകാലത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉന്നതതല സമിതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെ പരോളില്‍ വിടുകയും, ശിക്ഷാകാലാവധി അവസാനിക്കാറായവരെ പുറത്തുവിടുകയും ചെയ്തത്. ഇത്തരത്തില്‍ കഴിഞ്ഞ തവണ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് ജയില്‍ മോചനം ഉള്‍പ്പടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി ലഭിച്ചവര്‍ക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം കഴിഞ്ഞ തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നത അധികാര സമിതി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നത അധികാര സമിതിക്ക് തീരുമാനിക്കാം.
എന്നാല്‍ ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെയും ഹൈക്കോടതികളിലൂടെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിട്ടികളുടെയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണും കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് അവരുടെ വീടുകളിലേക്കും മറ്റുമുള്ള യാത്രാ സൗകര്യം ഒരുക്കണം. വൈദ്യസഹായം വേണമെങ്കില്‍ അതും നല്‍കാനും കോടതി ആവശ്യപ്പെട്ടു. നിലവില്‍ നാല് ലക്ഷത്തില്‍ അധികം ജയില്‍ പുള്ളികളാണ് രാജ്യത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: