കൊല്‍ക്കത്ത : ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ ചീഫ് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് താക്കീത് നല്കി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. നിരവധി തവണ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിട്ടും നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണറും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചീഫ് സെക്രട്ടറിയില്‍ നിന്നും സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാത്ത സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി ഏഴിനു മുമ്പായി നേരിട്ട് ഹാജരാകണമെന്നാണ് ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുന്നത്. അതേസമയം ബംഗാളിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
ഗവര്‍ണര്‍, ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. സംഘര്‍ഷങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെയ് 10 ന് നല്കാന് കൊല്‍ക്കത്ത ഹൈക്കോടതിയും ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കൂടാതെ ബംഗാളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇതുവരെ 16 പേരാണ് ബ്ംഗാളിലെ അക്രമങ്ങളില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: