മുംബൈ: ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് കപ്പലില്‍ ചെറിയ തോതില്‍ തീപ്പിടിത്തമുണ്ടായതെന്ന് നാവികസേന വക്താവ് അറിയിച്ചു. തീ അണച്ചതായും വിമാനത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും വക്താവ് മുംബൈയില്‍ പ്രസ്താവനയില്‍ അറിയിച്ചു.
നാവികര്‍ക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്ന യുദ്ധക്കപ്പലിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്യൂട്ടി ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തീയണയ്‌ക്കുകയുമായിരുന്നു. വലിയ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിമാനവാഹിനി കര്‍ണാടകയിലെ കര്‍വാര്‍ തുറമുഖത്താണിപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍നിന്നും വാങ്ങിയതാണ് ഐഎന്‍എസ് വിക്രമാദിത്യ യുദ്ധക്കപ്പല്‍. ഇതിനായി 2.3 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവിട്ടത്. 2013ലായിരുന്നു ഈ വിമാനവാഹിനി കമ്മീഷന്‍ ചെയ്യപ്പെട്ടത്. 284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ടിതിന്. ഏതാണ്ട് 20 നിലയുള്ള കെട്ടിടത്തിന്റെ ഉയരം.
കപ്പലിന്റെ ഭാരം 40,000 ടണ്ണാണ്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയതും ഭാരമേറിയതുമായ കപ്പലാണിത്. ഇതിഹാസ ചക്രവര്‍ത്തിയായ വിക്രമാദിത്യന്റെ ബഹുമാനാര്‍ഥമാണ് ഐഎന്‍എസ് വിക്രമാദിത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: