പരവൂര്‍: രോഗവും പ്രായവും പിടിമുറുക്കിയ കുഞ്ഞിക്കുട്ടിക്ക് കൈത്താങ്ങാകുകയാണ് പരവൂരിലെ ജനമൈത്രി പോലീസ്. നെടുങ്ങോലം പോസ്റ്റോഫീസ് മുക്കിനടുത്ത് കുന്നുംപുറത്തുവീട്ടില്‍ കുഞ്ഞിക്കുട്ടി (85) പത്തുവര്‍ഷമായി തകരഷീറ്റിട്ട് ചുറ്റും പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറച്ച ഒരു ചെറു ഷെഡ്ഡിലാണ് താമസം. ഭര്‍ത്താവ് കുഞ്ഞുകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ഏകമകന് 10 വയസ്സുള്ളപ്പോഴായിരുന്നു അത്. 47-ാം വയസ്സില്‍ മകനും മരിച്ചതോടെ കുഞ്ഞിക്കുട്ടി തീര്‍ത്തും അനാഥയായി.
അഞ്ചുവര്ഷംമുന്പ് പെട്ടെന്ന് കഴുത്തിന് കനംവയ്ക്കാന്‍ തുടങ്ങിയതോടെയാണ് രോഗത്തിന്റെ പിടിയിലായെന്ന് അറിയുന്നത്. ഓപ്പറേഷന്‍ചെയ്യാന്‍ പ്രായവും അനാരോഗ്യവും മുഴ നില്ക്കുന്ന സ്ഥാനവും പ്രശ്നമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്നാല്‍ എനിക്ക് മരിക്കും മുന്‍പ് ഒരേയൊരാഗ്രഹം. ഒരൊറ്റ മുറിയെങ്കിലുമുള്ള ഒരു കൊച്ചുവീട് വേണം. സഹോദരന്റെ വകയായി കിട്ടിയ മൂന്നര സെന്റിലാണ് ഇപ്പോള്‍ ഈ തകരപ്പുരയില്‍ കുഞ്ഞിക്കുട്ടി താമസിക്കുന്നത്. സഹായിയായി കൂട്ടിനുള്ളത് സഹോദരിയുടെ മകള്‍ 72കാരിയായ ചെല്ലമ്മ മാത്രം. ചിറക്കര പഞ്ചായത്തിലുള്ള ഈ സ്ഥലത്ത് ഒരു വീടിനുവേണ്ടി ഒത്തിരി അലഞ്ഞതായി കുഞ്ഞിക്കുട്ടി പറയുന്നു. പ്രമാണം സ്വന്തം പേരിലല്ലെന്ന് പറഞ്ഞാണ് എല്ലാവരും തഴഞ്ഞത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പരവൂരിലെ ജനമൈത്രി പോലീസാണ് കുഞ്ഞിക്കുട്ടിയുടെ ദുരിത കഥയറിഞ്ഞ് ആദ്യം ഈ കൂരയിലെത്തിയത്. അന്നുമുതല്‍ ഇന്നുവരെയും ഇവര്‍ക്കെല്ലാം എത്തിച്ചുനല്‍കുന്നതും സഹായിക്കുന്നതും ജനമൈത്രി പോലീസാണ്. കുഞ്ഞിക്കുട്ടിയുടെ ആഗ്രഹമായ ഒറ്റമുറിയെങ്കിലുമുള്ള ഒരു കൊച്ചുവീട്, അതാണിപ്പോള്‍ ജനമൈത്രി പോലീസിന്റെയും സ്വപ്നം. അത് യാഥാര്‍ഥ്യമാകാന്‍ വേണ്ടത് സുമനസ്സുകളുടെ കാരുണ്യമാണ്. അതാണ് അവരും തേടുന്നത്.
ജനമൈത്രി പോലീസ് ഒപ്പമുണ്ട്
കുഞ്ഞിക്കുട്ടിയുടെ ദുഃസ്ഥിതി ആരുടെയും കണ്ണുനനയ്ക്കുന്നതാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സന്മനസ്സുള്ളവര് അവരെ മനസ്സറിഞ്ഞ് സഹായിക്കണം. ആ വീട്ടമ്മയുടെ ആഗ്രഹസഫലീകരണത്തിന് പരവൂരിലെ ജനമൈത്രി പോലീസും എന്നും ഒപ്പമുണ്ടാകും
ഹരിസോമന്‍ (എഎസ്ഐ, പരവൂര്‍ ജനമൈത്രി പോലീസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: