തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രാബല്യത്തില്‍. ഒമ്പത് ദിവസത്തേയ്ക്ക് സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. അടിയന്തിര സംവിധാനത്തില്‍ ഒഴികെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. അതോടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പാസ് എടുക്കാന്‍ സാധിക്കും. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.
പാഴ്സല്‍ നല്‍കാനായി മാത്രം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പോലീസ് വഴി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് അതിവ്യാപനം പിടിച്ചുനിര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെയാണ് സംസ്ഥാനം വീണ്ടും അടച്ചിടലിലേക്ക് നീങ്ങിയത്. 25,000 പോലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും മേല്‍നോട്ടം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ എന്നിവയടക്കം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നല്‍കണം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതണം. അന്തര്‍ജില്ലാ യാത്രകള്‍ക്കും ഇതേ പാസാണ് വേണ്ടത്. അന്തര്‍സംസ്ഥാന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വറന്റീനില്‍ കഴിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം.
കേരളത്തിന് പുറമേ ദല്‍ഹി, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തമിഴ്നാടും അടച്ചിടുകയാണ്. ഈ മാസം പത്ത് മുതല്‍ 24 വരെയാണ് തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തോളം സംസ്ഥാനങ്ങളില്‍ വാരാന്ത്യ കര്‍ഫ്യൂവും പ്രാബല്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: