മനില: ചൈനയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിനെതിരെ രാജ്യമെമ്പാടും ജനങ്ങളുടെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റൊഡ്രിഗൊ ഡുടെര്‍ട് വാക്സിനുകള്‍ തിരിച്ചെടുക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടു.
ചൈനീസ് വാക്സിനായ സിനോഫാമിന്റെ ആയിരം ഡോസുകളാണ് ചൈന ഫിലിപ്പൈന്സിലേക്കയച്ചത്. കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് പ്രസിഡന്റ് റൊഡ്രിഗൊ ഡുടെര്‍ട് സിനോഫാം വാക്സിന് എടുത്തപ്പോഴാണ് രാജ്യത്ത് എതിര്‍പ്പ് ശക്തമായത്. രാജ്യത്തെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അംഗീകാരം നല്‍കാത്ത വാക്സിന് തെരഞ്ഞെടുത്തതിനാണ് ജനങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്.
ഇതോടെയാണ് പ്രസിഡന്റ് ചൈനയോട് വാക്സിനുകള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഇനി സിനോഫാം അയയ്ക്കരുതെന്ന് ചൈനീസ് അംബാസഡറോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
സിനോഫാമിന് പകരം സിനോവാക് നല്‍കാനാണ് ഫിലിപ്പൈന്‍സ് ആവശ്യപ്പെടുന്നത്. ചൈനയുടെ തന്നെ മറ്റൊരു കോവിഡ് വാക്സിനാണ് സിനോവാക്. ബെയ്ജിംഗും ഫിലിപ്പൈന്‍സും തമ്മിലുള്ള രണ്ടാമത്തെ നയതന്ത്ര പാളിച്ചയായിരുന്നു വാക്സിന്റെ കാര്യത്തില്‍ പുറത്ത് വന്നത്. ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി ടെഡ്ഡി ലോക്സിന് ചൈനയുടെ ബോട്ടുകള്‍ ദക്ഷിണചൈന കടലില്‍ എത്തിയതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ചൈനയുടെ വാക്സിനായ സിനോഫാമിന് ലോകാരോഗ്യസംഘടന ഇനിയും അടിയന്തരോപയോഗത്തിന് അംഗീകാരം നല്‍കിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണ ഡേറ്റയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും മതിപ്പുളവാക്കുന്ന ഫലപ്രാപ്തി നിരക്കില്ലെന്നുമുള്ള ആശങ്കയാണ് ചൈനയുടെ വാക്സിനെതിരെ ഉയരുന്ന ആശങ്ക. വിവിധ രാജ്യങ്ങള്‍ നടത്തിയ ഫലപ്രാപ്തി കണക്കാക്കാനുള്ള പരീക്ഷണങ്ങളില്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചത്. അതേ സമയം ലോകാരോഗ്യസംഘടന അടിയന്തരഉപയോഗ അനുമതി നല്കണമെങ്കില് ലഭിക്കേണ്ട പാസ് മാര്‍ക്കായ 50 ശതമാനം ഫലപ്രാപ്തിയേക്കാള്‍ മുകളിലാണ് ഇതിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: