ദേവികുളം : കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് സിഎസ്ഐ സഭ മൂന്നാറില്‍ ധ്യാനം സംഘടിപ്പിച്ചതെന്ന് ശരിവെച്ച് ദേവികുളം സബ്കളക്ടര്‍. ഇതുമായി ബന്ധപ്പെട്ട് സിഎസ്ഐ സഭയുടെ വിശദീകരണം തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഇന്ന് കൈമാറും.
സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കേ ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് സിഎസ്ഐ ധ്യാനം സംഘടിപ്പിച്ചത്. 322 പേരാണ് യോഗത്തില്‍ പങ്കെടുത്തതില്‍ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സിഎസ്ഐ അറിയിച്ചത്. എന്നാല്‍ 450 വൈദികര്‍ യോഗത്തില്‍ പങ്കെടുത്തെന്നും കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിച്ചില്ല. മാസ്ക് വെയ്ക്കുന്നതില്‍ പോലും അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വൈദികര്‍ ഒത്തുകൂടിയതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചോ എന്ന് ജില്ലാ പോലീസ് മേധാവി പരിശോധിക്കും. ധ്യാനത്തില്‍ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് ധര്‍മ്മരാജ് റസാലവും വൈദികരും കേസില്‍ പ്രതികളാകും.
അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത വൈദികരില്‍ രണ്ട് പേര് കോവിഡ് ബാധിച്ച് മരിക്കുകയും എണ്‍പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകളൊന്നും സ്വീകരിക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകിയെന്നും തിരുവനന്തപുരം സ്വദേശി മോഹനന് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: