ആലപ്പുഴ: മകളുടെ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ആറു ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നപ്ര പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ പനക്കല്‍ വീട്ടില്‍ ഹരിദാസി( 56)നെയാണ് ജീവപര്യന്തം കഠിന തടവിനും, ആറ് ലക്ഷം രൂപ പിഴയും ശിക്ഷിച്ച് ആലപ്പുഴ അഡിഷണല്‍ ഡിഡ്ട്രിക്ട് ആന്‍ഡ് സെഷന് കോടതി ജഡ്ജ് എ. ഇജാസ് ഉത്തരവായത്. പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴ തുക കൊല്ലപ്പെട്ട പത്മിനിയുടെ ഭര്‍ത്താവു ശശിധരനും മകന് അനീഷിനും നല്‍കണം എന്നും കോടതി വിധിച്ചു.
പുന്നപ്ര ലക്ഷ്മി നിവാസില്‍ ശശിധരന്റെ ഭാര്യ പത്മിനി (52) ആണ് കൊല്ലപ്പെട്ടത്. 2012 ഡിസംബര്‍ 12ന് ആയിരുന്നു സംഭവം. പുന്നപ്ര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ ഹരിദാസിന്റെ മകളും കൊല്ലപ്പെട്ട പത്മിനിയുടെ മകന് അനീഷും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. പ്രായപൂര്‍ത്തി ആയതിനുശേഷം ഇരുവരുടെയും വിവാഹം നടത്താം എന്ന് ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ധാരണയായിരുന്നു എങ്കിലും വിവാഹത്തിന് നല്ല ഒരു ദിവസം ഉണ്ട് എന്ന് യുവാവ് അറിയിച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും യുവാവിനോട് ഒപ്പം പോകാന്‍ ശ്രമിച്ചപ്പോള്‍ മാതാവ് തടയുകയും മനോവിഷമത്തില്‍ മുറിയില്‍ കയറി പെണ്‍കുട്ടി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.
ഈ വിവരം അറിഞ്ഞ ഹരിദാസ് വടിവാളുമായി പത്മിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തികയായിരുന്നു. അനീഷിനെ കാണാതിരുന്ന സാഹചര്യത്തിലാണ് പത്മിനിയെ അക്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും പത്തൊന്‍പതു സാക്ഷികളെ വിസ്തരിക്കുകയും പതിനാലു പ്രമാണങ്ങളും, പതിനൊന്നു തൊണ്ടിമുതലുകളും തെളിവിലേക്കു ഹാജരാക്കി. പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയെ വിസ്തരിക്കുകയും തെളിവിലേക്കു ആറു പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. കെ. രമേശന്, അഡ്വ. പി. പി. ബൈജു, അഡ്വ. പി. എന്‍. ശൈലജ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: