അമ്പലപ്പുഴ: മത്സ്യ ബന്ധന വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്ജിന് വികസിപ്പിച്ച് പേറ്റന്റ് കൈക്കലാക്കിയെങ്കിലും ഒരു കൈ സഹായം ലഭിച്ചാല്‍ മാത്രമെ മോഹന്‍ ലാലിന് പിടിച്ചു നില്‍ക്കാനാവൂ. ഫൈബര്‍ വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്ജിന് വികസിപ്പിച്ചെടുത്താണ് മോഹന്‍ലാല്‍ പേറ്റന്റ് നേടിയത്. നിലവില്‍ ഔട്ട് ബോര്‍ഡ് എന്ജിന് ഇറക്കുമതി ചെയ്യുകയാണ്.
ഇറക്കുമതി ചെയ്യുന്ന എന്ജിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 6 ലിറ്റര്‍ മണ്ണെണ്ണയും, നൂറു മില്ലി ഓയിലും, 100 മില്ലി പെട്രോളും വേണം. ഇതിന്റെ ചിലവ് 520 രൂപ വരും. എന്നാല്‍ മോഹന്‍ലാല്‍ വികസിപ്പിച്ചെടുത്ത എന്ജിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടര ലിറ്റര്‍ ഡീസല്‍ മാത്രം മതി. ഇതിന്റെ ചിലവാകട്ടെ 225 രൂപ മാത്രം. ഇസഡ് ആകൃതിയില്‍ വികസിപ്പിച്ചെടുത്ത 16 ഹോര്‍സ് പവ്വര്‍ ഡീസല്‍ എന്ജിന് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്. മത്സ്യഫെഡിന് 130 എണ്ണം നല്‍കിയെങ്കിലും മലപ്പുറം, കോഴിക്കോട്, അമ്പലപ്പുഴ, വടകര, മുനമ്പം, കായംകുളം എന്നിവിടങ്ങളില്‍ ഓരോ എന്ജിന് മാത്രമാണ് വില്‍പ്പന നടന്നത്. നിലവില്‍ പൊഴിയൂരിലെ ഒരു മത്സ്യ സംഘം കൂട്ടായ്മ 108 യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു എന്ജിന് ആദ്യം നിര്‍മ്മിച്ച് നല്‍കണം. ഒരെണ്ണം മാത്രമായി നിര്‍മ്മിക്കുവാന്‍ 4 ലക്ഷം രൂപയോളം വേണം. 108 യൂണിറ്റും ഒരുമിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു യൂണിറ്റിന് രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ നിര്‍മ്മാണ ചെലവ് ആകുകയുള്ളു. നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാലെ പോയി വീടും സ്ഥലവും ജപ്തിയായി വാടക വീട്ടിലാണ് മോഹന്‍ലാലും കുടുംബവും ഇപ്പോള്‍ താമസം.
ഒരു യൂണിറ്റിന്റെ നിര്‍മ്മാണ ചെലവു പോലും താങ്ങാനാവുന്ന അവസ്ഥയിലല്ല മോഹന്‍ലാല്‍. സഹായം ലഭിച്ചാല്‍ തക്ക പ്രതിഫലവും നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ മറ്റു 3 പേറ്റന്റുകള്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. 4 പ്രൊപ്പല്ലര്‍ എന്ജിന്, ചെറുവള്ളങ്ങളില്‍ ഉപയോഗിക്കാന്‍ ഗിയര്‍ ബോക്സ്, അന്തരീക്ഷ മലിനീകരണം തടയുന്നതിനായി വെയ്സ്റ്റ് എയര്‍ കളക്ടീവ് ഫ്രെഷ് എയര്‍ സപ്ലെ മെഷിന് എന്നിവയാണ് പേറ്റന്റിനായി നല്‍കിയിരിക്കുന്നത്.
പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി തുടങ്ങിയവരില്‍ നിന്നും കണ്ടുപിടുത്തത്തിന് അവാര്‍ഡും, മുമ്പൈ ഐഎംസിയില്‍ നിന്നും അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 16 ദിവസം രാഷ്ട്രപതി ഭവനില്‍ പ്രണബ് മുഖര്‍ജിക്കൊപ്പം താമസിക്കുവാനും ഈ ശാസ്ത്രജ്ഞന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടെ നടന്ന ഒരു യോഗത്തില്‍ വെച്ച് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുവാനും സാധിച്ചു. ഇനിയും കണ്ടുപിടിത്തങ്ങള്‍ തുടരണമെന്ന മോദിയുടെ പ്രോത്സാഹനമാണ് വീണ്ടും, വീണ്ടും കണ്ടു പിടിത്തങ്ങള്‍ തുടരുന്നതിന് പ്രചോദനമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നിലവില്‍ വളഞ്ഞ വഴിയില്‍ കാവേരി എന്‍ജിനീയറിങ് എന്ന പേരില്‍ വര്‍ക് ഷോപ്പ് നടത്തുകയാണ് മോഹന്‍ലാല്‍. ഭാര്യ: ശ്രീദേവി.മക്കള്‍: റോയി മോഹന്‍ലാല്‍, കണ്ണന് മോഹന്‍ലാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: