ഗംഗേച യമുനേ ചൈവ
ഗോദാവരീ സരസ്വതി
നര്‍മ്മദേ സിന്ധു കാവേരീ
ജലേസ്മിന് സന്നിധിം കുരു
ഭാരതത്തിലെ ഏഴു പുണ്യനദികളെ വര്‍ണിക്കുന്ന ശ്ലോകമാണത്. ഗംഗ, യമുന, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെ ഏഴ്. ഇവയില്‍ ഗംഗയും യമുനയും സരസ്വതിയും മൂര്‍ത്തിത്രയത്തെ പ്രതിനിധാനം ചെയ്യുന്നു.
ഇവയില്‍ ബ്രഹ്മാവിന്റെ പ്രതീകമാണ് സരസ്വതി. സപ്തനദികളില്‍ നാലാമത്. മറ്റെല്ലാ നദികളും ഭൂമുഖത്ത് പ്രത്യക്ഷമെങ്കിലും പുരാണങ്ങളിലും വേദങ്ങളിലും വിളങ്ങി നില്ക്കുന്ന സരസ്വതീ നദിയുടെ അസ്തിത്വം ഇന്നും വ്യക്തമല്ല. 5000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു ഭൂചലനത്തില്‍ സരസ്വതീ നദി യമുനാനദിയില്‍ ചേര്‍ന്നുവെന്നും താര്‍മരുഭൂമിയില്‍ അപ്രത്യക്ഷമായെന്നുമാണ് വിദഗ്ധരുടെ അനുമാനം. സിന്ധുനദീതട സംസ്കാര കാലത്ത് ജലസമൃദ്ധമായിരുന്നു സരസ്വതിയെന്നാണ് വിശ്വാസം.
എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നത് അജ്ഞാതമെങ്കിലും ക്ഷേത്രനഗരിയായ ബദരീനാഥിനടുത്ത് മനാ ഗ്രാമത്തില്‍ സരസ്വതീ നദി പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഇരമ്പലോടെ പുറത്തോട്ടൊഴുകി അളകനന്ദാ നദിയില്‍ ചേരുന്നത് ദൃശ്യമാണ്. കേശവപ്രയാഗ് എന്നാണ് ഈ സംഗമസ്ഥാനം അറിയപ്പെടുന്നത്. സരസ്വതീനദിയുടെ പ്രഭവസ്ഥാനവും ഒഴുകിയിരുന്ന വഴികളും തേടിയുള്ള യാത്രയിലാണ് ഗവേഷകര്‍ ഇപ്പോഴും.
ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് വഴി ഒഴുകി റാന്‍ ഓഫ് കച്ചിലൂടെ ഇത് കടലില്‍ സംഗമിച്ചിരുന്നുവെന്നതിന് ശാസ്ത്രീയമായ തെളിവുകളും ഇതിനകം ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 4000 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നദിയുണ്ടായിരുന്നതെന്നു കരുതുന്നു.
ഹരിയാനയിലെ മുള്വാലി ഗ്രാമത്തിലും സരസ്വതീ നദിയുടെ സാന്നിധ്യം കണ്ടെത്തിയതായി പറയപ്പെടുന്നു. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം. ഭൂമി കുഴിക്കുന്നതിനിടെ തൊഴിലാളികള്‍ ആറടി താഴ്ചയിലായി നീരൊഴുക്ക് കാണുകയായിരുന്നു.
മുള്വാലിയിലെ ഗ്രാമീണര്‍ തലമുറകളായി വിശ്വസിച്ചു പോരുന്നതും സരസ്വതീ നദി ഇതുവഴി ഒഴുകിയിരുന്നുവെന്നാണ്. പ്രതലത്തിനു താഴെയായി നദിയൊഴുകുന്നതിന്റെ ലക്ഷണങ്ങളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴും കണ്ടെത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: