കൊട്ടിയം: കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ലോക്ക് ഡൗണിന് സമാനമായ അവസ്ഥയിലേക്ക് നാട് നീങ്ങിയപ്പോള്‍ പ്രതിസന്ധിയിലായ വലിയൊരു വിഭാഗമാണ് പാചകമേഖലയിലെ തൊഴിലാളികളും ഉടമകളും. കാറ്ററിംഗ് മേഖലയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ മേഖല ഒന്നാം ലോക്ക് ഡൗണില്‍ നിന്നും കരകയറി വരവേയാണ് അപ്രതീഷിതമായി കൊവിഡിന്റെ രണ്ടാം വരവോടെ ബുക്കിംഗുകള്‍ മിക്കതും റദ്ദായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ നില്ക്കേണ്ടുന്ന അവസ്ഥയിലാണ് കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും. മെയ് മുതല്‍ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി. വിവാഹം, വിവാഹ നിശ്ചയം, പിറന്നാള്‍, ഗൃഹപ്രവേശം, പേരിടല്‍, യാത്രയയപ്പ് തുടങ്ങി ധാരാളം ബുക്കിംഗ് വന്നിരുന്നു എന്നാല്‍ ഇവയെല്ലാം റദ്ദായതോടെ അഡ്വാന്‍സ് തുക തിരിച്ചുനല്‍കാന്‍ പൊലും ബുദ്ധിമുട്ടുകയാണ് ഉടമകള്‍.
ആദ്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം വിവാഹം ഉള്‍പ്പെടെ പരിപാടികള്‍ക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലെത്തിയതോടെ ആളുകളുടെ എണ്ണവും കൂടി ഇതോടെ ഈ മേഖലയിലെ തൊഴില്‍ ദിനങ്ങളും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവ് കനത്ത തിരിച്ചടിയായി.
വരുമാനം നഷ്ടമായതോടെ മുതലാളിമാര്‍ക്ക് തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കൂടിയുണ്ട്. പല പാചക തൊഴിലാളികളും കരാര്‍ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നതുള്‍പ്പെടെ സ്ഥലങ്ങളുടെ വാടക, ബാങ്ക്ലോണ്‍ അങ്ങനെ കണക്കുകള്‍ നിരത്തുകയാണ് ഉടമകള്‍. അംഗീകൃത യൂണിറ്റുകള്‍ നാമമാത്രമാണ് ഉള്ളത്. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളാണ് കാറ്ററിംഗ് മേഖലയില്‍ കൂടുതലും. ഇവരുടെയെല്ലാം വരുമാനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ഇവര്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളില്‍ കാറ്ററിംഗ് മേഖലയെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വൈദ്യുതി ബില്ലുകള്‍ക്ക് ന്യായമായ ഇളവുകള്‍ അനുവദിക്കുക, തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നു.
” ഒന്നാംഘട്ട കൊവിഡില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്നു. അതിനിടെ രണ്ടാം തരംഗം ശക്തമായതോടെ കനത്ത നഷ്ടത്തിലേക്കാണ് കാറ്ററിംഗ് മേഖല പോകുന്നത്. ബുക്കിംഗുകള്‍ പലതും റദ്ദാക്കി ഒപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലായ അവസ്ഥയാണ്. ലോണുകള്‍ ഉള്‍പ്പെടെ മുടങ്ങി കിടക്കുന്നു. ആദ്യ ലോക്ക് ഡൗണില്‍ നിന്നും പതിയെ കരകയറി വരുമ്പോള്‍ ആണ് വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്നത്. ഈ മേഖല വിട്ട് മറ്റ് ജോലികള്‍ നോക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.’”
സജീവ് (എസ്ബി കാറ്ററിംഗ് കണ്ണേറ്റ, ചാത്തന്നൂര്‍)
അരുണ്‍ സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: