കൊച്ചി: രാവിലെ ഏഴിന് ബിഒടി പാലത്തിനു മുന്നില്‍ ആരംഭിച്ച ജോലി ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച് നേരം വൈകിയും തുടരുകയാണ്, മട്ടാഞ്ചേരി സബ് ഡിവിഷനിലെ അസി. പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ പടിഞ്ഞാറന്‍ കൊച്ചിയില്‍ പോലീസിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച് കൊച്ചിയുടെ ഓരോ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ക്രമസമാധാന പാലനം മാത്രമല്ല. സേവനം കൂടി പോലീസിന്റെ ചുമതലയാണെന്ന് കൂടി ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. നമ്മുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധമായി മാസ്ക് ധരിക്കുന്നതു മുതല്‍ അനാവശ്യമായി കൂട്ടം കൂടുന്നതുവരെ നാട്ടുകാര്‍ നിസാരമായി അവഗണിക്കുന്നിടത്തുനിന്നാണ് രോഗവ്യാപന സാധ്യതയെന്ന് ജനം ഇനിയും മനസിലാക്കുന്നില്ല.
ദൈനം ദിനം നൂറുകണക്കിന് രോഗികള്‍ക്കും ക്വാറന്റയിനില്‍ ഇരിക്കുന്നവര്‍ക്കും ആവശ്യഘട്ടങ്ങളില്‍ മരുന്നും ഭക്ഷണവും എത്തിക്കുന്ന ദൗത്യം കൂടി കൊച്ചിയിലെ പോലീസ് സേന ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിന് സമാന സ്ഥിതിവിശേഷത്തില്‍ പോലും അനാവശ്യമായി ബൈക്കില്‍ കറങ്ങി നടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പഴയതില്‍ നിന്നും വ്യത്യസ്തമായി കുടുംബവുമൊത്തുള്ള യാത്ര പലരും ഒഴിവാക്കുന്നതും ഗുണപരമായ മാറ്റമാണെന്ന് അദ്ദേഹം വിലയിരിത്തുന്നു. അനാവശ്യമായി കറങ്ങി നടക്കുന്ന വിരുതന്മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജി.ഡി. വിജയകുമാര്‍ പറഞ്ഞു. കല്യാണം പോലുള്ള ചടങ്ങുകള്‍ ആളെ കൂട്ടാതെ തന്നെ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഈ പോലീസുദ്യോഗസ്ഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: