മുംബൈ: ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ വിദേശ താരങ്ങളെ നാട്ടിലെത്തിക്കുന്ന കാര്യം ബിസിസിഐക്ക് തലവേദനയാകുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് വിവിധ കോണുകളില്‍ നിന്ന് വിദേശ താരങ്ങളുടെ യാത്രയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായത്.
ഓസ്ട്രേലിയയിലേക്ക് ഉടന്‍ ഇന്ത്യന്‍ വിമാനങ്ങള്ക്കെത്താനാകില്ലെന്നത് ബിസിസിഐക്ക് മുന്നിലെ വെല്ലുവിളിയാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കം താരങ്ങള്‍ക്കായി പരിശ്രമിക്കുന്നുണ്ടെങ്കിലും ബിസിസിഐയും താരങ്ങളുടെ ഫ്രാഞ്ചൈസികളും തീരുമാനമെടുക്കട്ടേയെന്നാണ് പ്രതികരണം. ആഭ്യന്തര യാത്ര പോലും പല സ്ഥലങ്ങളിലേക്കും റദ്ദാക്കിയ സാഹചര്യത്തില്‍ മുഴുവന്‍ താരങ്ങളേയും അവരവരുടെ നാട്ടിലെത്തിക്കുകയെന്നത് ബിസിസിഐക്ക് മുന്നിലെ വലിയ കടമ്പയാണ്.
എന്നാല്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക വിമാനമോ യാത്രാ സൗകര്യമോ ഒരുക്കി നാട്ടിലെത്തിക്കുന്നതിന് തടസമില്ല. മറിച്ച് ഏഷ്യക്ക് പുറത്ത് എങ്ങനെ താരങ്ങളെ എത്തിക്കുമെന്നതിലാണ് സംശയം. ഓസ്ട്രേലിയ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ പത്ത് ദിവസത്തിലധികം ക്വാറന്റൈനാണ് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മാക്സ്വെല് തുടങ്ങിയവര്‍ക്കൊപ്പം റിക്കി പോണ്ടിങ്, മൈക്ക് ഹസ്സി, സ്റ്റീവ് വോ എന്നിവരും ഇന്ത്യയില്‍ കുടുങ്ങി. ഇവരെ ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റി അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്രയാക്കാനാണ് ഇപ്പോഴത്തെ ശ്രമം.
താരങ്ങളുടെ സുരക്ഷയ്ക്കായി ബിസിസിഐ പ്രവര്‍ത്തിക്കുമെന്നും നാട്ടിലെത്തിക്കുമെന്നും ഐപിഎല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും നാട്ടിലെത്തിക്കുന്നതിന് വേണ്ട ശ്രമം ഇന്ത്യയുമായി നടത്തുന്നുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിലവില്‍ വിലക്കില്ലാത്തതിനാല്‍ ക്വാറന്റൈന് മാത്രമാകും താരങ്ങള്‍ക്കുള്ള കടമ്പ. ഐപിഎല്‍ നിര്‍ത്തിയതിനെ പിന്തുണച്ച് ഡെയ്ല്‍ സ്റ്റെയ്ന് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: