തൃണമൂല്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്ന പശ്ചിമബംഗാളില്‍നിന്ന് ആരെയും നടുക്കുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായി മാറിയിരിക്കുന്ന ബിജെപിക്കെതിരെ തൃണമൂല്‍ അക്രമികള്‍ സംഹാരതാണ്ഡവമാടുകയാണ്. ബിജെപിയുടെയും എബിവിപിയുടെയും ഓഫീസുകളും, പാര്‍ട്ടി പ്രവര്‍ത്തകരുടെ നാലായിരത്തിലേറെ വീടുകളും ആക്രമിച്ച് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഈ വീടുകള്‍ അഗ്നിക്കിരയാക്കിയ തൃണമൂലിന്റെ അക്രമികള്‍ ഏഴ് ബിജെപി പ്രവര്‍ത്തകരെയാണ് ഇതുവരെ കൊലപ്പെടുത്തിയത്. 20 ബിജെപി പ്രവര്‍ത്തകരെ കാണാനില്ല. ഇവരും കൊലചെയ്യപ്പെട്ടിരിക്കാനിടയുണ്ട്. ആക്രമണത്തില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച ഒരമ്മയെയും കൊലപ്പെടുത്തിയിരിക്കുന്നു. നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. തൃണമൂലിന്റെ അക്രമം ഭയന്ന് ആളുകള്‍ കൂട്ടത്തോടെ അയല്‍ സംസ്ഥാനമായ അസമില്‍ അഭയംപ്രാപിച്ചിരിക്കുകയാണ്. ഡമണോക്രസി (രാക്ഷസീയഭരണം)അവസാനിപ്പിക്കണമെന്ന് അസം മന്ത്രി ഹിമാന്ത വിശ്വശര്‍മ മമതയോട് ആവശ്യപ്പെടുകയുണ്ടായി. കൊല്‍ക്കത്തയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗവര്‍ണര്‍ ജഗദീഷ് ധന്‍കറോട് സ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ബംഗാളില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരിക്കുന്നു. അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണിത്.
തൃണമൂലുകാരുടെ ഈ നരനായാട്ട് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായത്തോടെ ആസൂത്രിതമായി അരങ്ങേറുന്ന അക്രമ പരമ്പരകളാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മമതയ്ക്കെതിരെ പ്രവര്‍ത്തിച്ച 150 ബിജെപി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ അക്രമികള്‍ കൊലപ്പെടുത്തിയത്. നന്ദിഗ്രാമില്‍ മമതക്കെതിരായി മത്സരിച്ച സുവേന്ദു അധികാരിയെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. തന്റെ പാര്‍ട്ടിയായ തൃണമൂല്‍ ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമില്‍ തോറ്റ മമത പ്രതികാരദാഹത്തോടെ അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റുണ്ടായിരുന്ന ബിജെപി ഇക്കുറി 77 സീറ്റു നേടി പ്രതിപക്ഷമായത് ജനാധിപത്യ വിരോധിയായ മമതയെ വല്ലാതെ അമര്‍ഷം കൊള്ളിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് നിയമസഭയ്ക്കകത്തും പുറത്തും ബിജെപി കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് മനസ്സിലാക്കിയാണ് ഭരണസംവിധാനത്തിന്റെ പിന്‍ബലത്തോടെ നടക്കുന്ന അക്രമത്തെ മമത പ്രോത്സാഹിപ്പിക്കുന്നത്. 34 വര്‍ഷം നീണ്ട ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭരണത്തില്‍നിന്ന് മോചനം നേടുന്നതിനാണ് ജനങ്ങള്‍ 2011 ല്‍ മമതയെ അധികാരത്തിലേറ്റിയത്. എന്നാല്‍ കമ്യൂണിസ്റ്റ് കാടത്തത്തെ വെല്ലുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യഹത്യകളുമാണ് മമതയുടെ 10 വര്‍ഷത്തെ ഭരണത്തില്‍ നടന്നത്. ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായതോടെ അധികാര മത്തു പിടിച്ച മമത രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാവും.
നന്മനിറഞ്ഞ മതാചാര്യന്
ക്രൈസ്തവ പൗരോഹിത്യത്തിന് ധര്‍മത്തിന്റേതായ ഒരു മുഖമുണ്ടെന്നു കാണിച്ചു തന്ന അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. പതിനേഴുവര്‍ഷം മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ക്രിസോസ്റ്റത്തിന്റെ വേര്‍പാട് പൊതുസമൂഹത്തിലുണ്ടാക്കുന്ന വിടവ് വളരെ വലുതാണ്. ലോകകാര്യങ്ങള്‍ മാത്രമല്ല, മതപരമായ കാര്യങ്ങളും നര്‍മത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട വലിയ മനസ്സിനുടമയായിരുന്നു ക്രിസോസ്റ്റം. ആത്മീയരംഗം മാത്രമായിരുന്നില്ല ഈ മതമേധാവിയുടെ താല്‍പ്പര്യമേഖല. സാധാരണ ക്രൈസ്തവ വിശ്വാസികളുമായും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖരുമായും നിരന്തരവും ഊഷ്മളവുമായ ബന്ധം സൂക്ഷിച്ച മാര്‍ ക്രിസോസ്റ്റത്തെപ്പോലെ മറ്റൊരു ക്രൈസ്തവ മതാചാര്യനെ കണ്ടിട്ടില്ല. വാക്കിലും പെരുമാറ്റത്തിലും മതപരമായ സങ്കുചിതത്വം തൊട്ടുതീണ്ടിയിരുന്നില്ല. പങ്കെടുക്കുന്ന സദസ്സുകളിലെല്ലാം ശുദ്ധമായ ഹാസ്യത്തിന്റെ അലകളുയര്‍ത്തി കേള്‍വിക്കാരുടെ മനസ്സുകളില്‍ സന്തോഷം നിറയ്ക്കുവാന്‍ ക്രിസോസ്റ്റത്തിനു കഴിഞ്ഞു. സാധാരണ മനുഷ്യരുമായി ഇടപഴകാന്‍ തന്റെ ഉന്നതമായ പദവി ഒരിക്കലും തടസ്സമായില്ല. പ്രായാധിക്യം വകവയ്ക്കാതെ തന്നെ ക്ഷണിക്കപ്പെടുന്ന പരിപാടികളിലൊക്കെ പങ്കെടുത്തു. മതമെന്നത് ആധിപത്യത്തിനുള്ളതല്ലെന്നും, മനുഷ്യരെ നന്മയിലേക്ക് നയിക്കാനുള്ള മാര്‍ഗമാണെന്നും വിശ്വസിക്കുക മാത്രമല്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ആ വലിയ മനുഷ്യന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: