പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എന്റെ പേര് പ്രഖ്യാപിച്ചതു മുതല്‍ നിലയ്ക്കാത്ത ഫോണ്‍ കോളുകളായിരുന്നു. ആദ്യമെത്തിയത് കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേതുമായിരുന്നു. അതില്‍ അസാധാരണമായ ചിലതുണ്ടായിരുന്നു. വിളച്ചവര്‍ ആദ്യം അഭിനന്ദിച്ചു. ഉടന്‍ തന്നെ അവര്‍ മുന്നറിയിപ്പും നല്കി. ‘നിങ്ങള്‍ ഡാര്‍ജലിങ്ങില്‍ മത്സരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ, നിങ്ങള്‍ കരുതിയിരിക്കണം. ഇത് ബംഗാള്‍ ആണ്’. ബാല്യകാല സുഹൃത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്.
‘നിങ്ങള്‍ക്ക് അംഗരക്ഷകര്‍ അനിവാര്യമാണ്. ബംഗാളില്‍ ഭരണപക്ഷത്തിനെതിരെ നില്‍ക്കുന്നത് വളരെ അപകടമാണ്’ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന ഒരാളുടെ നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു. ബംഗാളിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു വിളിച്ച ഓരോരുത്തരും നല്‍കിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ബംഗാളിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എനിക്കുനേരെ എന്തുണ്ടായാലും അംഗരക്ഷകരെ കൂടാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നവര്‍ക്ക് മാത്രമേ സുരക്ഷിതത്വമുള്ളൂ.
അധികാരത്തില്‍ ഇരിക്കുന്നവരെ ഭയന്നാണ് ഇവിടെയുള്ള പൊതുജനത്തിന്റെ ജീവിതം. പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, അവര്‍ എതിര്പക്ഷത്തുള്ളവരാണെങ്കില്, അവര്‍ക്കുപോലും പശ്ചിമ ബംഗാളില്‍ സുരക്ഷിതത്വമില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറ്റിയമ്പതോളം ബിജെപി പ്രവര്‍ത്തകരെയാണ്, തൃണമൂല്‍ ഗുണ്ടകള്‍ വകവരുത്തിയത്. ഇതില്‍ ഹേമതാബാദിലെ ബിജെപി എംഎല്‍എയും ഉള്‍പ്പെടുന്നു. കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ ഇതുവരേയും കൊണ്ടുവന്നിട്ടുമില്ല.
2017 ല്‍ 11 ഗോര്‍ഖ യുവാക്കളാണ് പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സമാധാനപരമായി പ്രകടനം നടത്തിയ നിരായുധരായ യുവാക്കളെ വെടിവച്ചതിന്റെ കാരണം കണ്ടെത്താന്‍ ഒരന്വേഷണം പോലും നടന്നില്ല. 2020 ഡിസംബറില്‍ സിലിഗുരിയില്‍ നടന്ന ബിജെപി റാലിക്കുനേരെയും വെടിവെയ്പ്പുണ്ടായി. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയിക്ക് ജീവന് നഷ്ടമായി. ഇക്കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് പത്തിലേറെ ബിജെപിക്കാരാണ് കൊല്ലപ്പെട്ടത്. പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്നിയ്ക്ക് ഇരയാക്കി. കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ബംഗാളിലുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഭീകരത അഴിച്ചുവിട്ടിരിക്കുകയാണ്. അത് മൂടിവയ്ക്കാനും ന്യായീകരിക്കുവാനുമാണ് പലരുടേയും ശ്രമം.
ഈ അതിക്രമങ്ങളെ ന്യായീകരിച്ചുകൊണ്ട് ഒരാള്‍ നടത്തിയ ട്വീറ്റില്‍ പറയുന്നത്, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള മോദി-അമിത് ഷാ തന്ത്രമാണ്, ബംഗാളില്‍ ബിജെപിക്ക് എതിരായ അതിക്രമം എന്ന പ്രചാരണം എന്നാണ്. പര്ബസ്ഥലി ഉത്തറിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ഗോവര്ദ്ധന് ദാസിന്റെ വീട് ആക്രമിക്കപ്പെട്ടു. ജെഎന്‍യു വില്‍ പഠനം പൂര്‍ത്തിയാക്കിയ മോളിക്യുലാര്‍ ശാസ്ത്രജ്ഞനാണ് അദ്ദേഹം. അതേപോലെ നിരവധി പ്രവര്‍ത്തകരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
സിലിഗുരിയിലെ യുവമോര്‍ച്ച നേതാവ് സൗരവ് ബസുവിനും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ വധശ്രമവും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതേപോലെ നിരവധി പ്രവര്‍ത്തകര്‍ക്കുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, ആരൊക്കെയാണോ തൃണമൂലിനെ എതിര്‍ക്കുന്നത് അവരും ആക്രമിക്കപ്പെടും. തൃണമൂലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനും ഇടതിനും വരെ ഈ അക്രമങ്ങളില്‍ നിന്ന് രക്ഷയില്ല.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം, സിന്ഗ്ലയിലെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ യാത്രാമധ്യേ എന്റെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി. അതേവര്‍ഷം തന്നെ മറ്റൊരാക്രമണവും നേരിട്ടു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപെട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ തങ്ങളുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും തുടര്‍ഭരണം നല്‍കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതേപോലെ പ്രതിപക്ഷത്തിനും പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകണം.
ഈ തെരഞ്ഞെടുപ്പില്‍ 39.1 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. അതായത് 2.27 കോടിയിലധികം ജനങ്ങളുടെ വോട്ട് നേടാനായി. 18 എംപിമാരും 77 എംഎല്‍എമാരുമാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. തൃണമൂലിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അതേ അവകാശങ്ങള്‍ പശ്ചിമ ബംഗാളിന്റെ ഭാഗമായ മറ്റ് ജനങ്ങള്‍ക്കുമുണ്ട്.
ബിജെപിക്ക് വോട്ടുചെയ്തവരെ ശിക്ഷിക്കുന്നതില്‍ നിന്നും പിന്മാറാനുദ്ദേശമില്ലാതെ, മമത ബാനര്‍ജിയുടെ പിന്തുണയോടുകൂടിതന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ നീചവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മമത ഈ നടപചികള്ക്കെതിരെ നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍, പാര്‍ട്ടിക്കുള്ളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാവാതെ മമതയുടെ സ്വാധീനശക്തി തന്നെ നഷ്ടപ്പെടും. പശ്ചിമ ബംഗാളില്‍ സംഭവിക്കുന്നതുപോലെ ഇന്ത്യയില്‍ മറ്റൊരിടത്തും സംഭവിക്കുന്നില്ല. ബംഗാളിനോട് തൊട്ടുചേര്‍ന്നുള്ള അസമില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എത്ര പ്രതിപക്ഷ നേതാക്കളും അനുയായികളും കൊല്ലപ്പെട്ടു?. ആരുമില്ല.
ബംഗാളില്‍ ഈ അതിക്രമം തുടരാന്‍ അനുവദിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും. രാഷ്ട്രീയ ഭീകരത എന്നാണ് ഇതിനെ വിളിക്കേണ്ടത്. ഭീകരരോട് എപ്രകാരമാണോ പെരുമാറുന്നത് അപ്രകാരം ഇവരേയും കൈകാര്യം ചെയ്യേണ്ടി വരും. അല്ലാത്തപക്ഷം കൊലപാതകവും ബലാത്സംഗവും പശ്ചിമ ബംഗാളില്‍ തുടര്‍ക്കഥയാകും.
രാജുബിസ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: