ന്യൂദല്‍ഹി: തൃണമൂല്‍ ഗുണ്ടകള്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ത്തതിനെതിരെയും പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചതിനെതിരെയും സിപിഎം. രണ്ടു ദിവസമായി ബംഗാളില്‍ തുടരുന്ന അക്രമങ്ങള്‍ തൃണമൂലിന്റെ വിജയാഹ്ലാദമോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. ഇത് അപലനീയമാണ്. ഇതിനെ ചെറുക്കും, അദ്ദേഹം തുടര്‍ന്നു. പലയിടങ്ങളിലും സിപിഎമ്മുകാര്‍ക്കു നേരെയും തൃണമൂല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ചോദ്യം.
ബംഗാളില്‍ കലാപമാണ് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നേതാക്കന്മാരെ അടിച്ചിറക്കി തീയിടുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബംഗാളിലെ സിപിഎം നേതാക്കന്മാര് പറയുന്നു. പോലീസ് പോലും തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പമാണെന്ന് ഇവര്‍ ആരോപിക്കുന്നു.
അതേസമയം, തൃണമൂല്‍ അക്രമികള്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചപ്പോള്‍ വീട്ടിലുള്ള കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെപ്പോലും വെറുതെവിട്ടില്ലെന്ന് ബിജെപി ദേശീയ വക്താവ് അനില്‍ബലൂണി പറഞ്ഞു. നന്ദിഗ്രാമിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തു. അവിടെയുണ്ടായിരുന്ന രേഖകള്‍ വാരിയിട്ട് കത്തിച്ചു. പരിക്കേറ്റവരുടെ നിരവധി ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ തുണിക്കടകള്‍ കൊള്ളയടിച്ച് വസ്ത്രങ്ങള്‍ വാരിയെടുത്ത് ഓടുന്നവരുടെ വീഡിയോകളും പുറത്തുവന്നു. പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ കടയ്ക്കു പുറത്തു നിന്ന് ഇതു മമതയുടെ ഭരണമോ അക്രമികളുടെ ഭരണമോയെന്ന് കരഞ്ഞുകൊണ്ട് ചോദിക്കുന്ന വീഡിയോയും പുറത്തുവന്നു.
ഇവരില്‍ ഒരാളുടെ സഹോദരന് ബിജെപി പ്രവര്‍ത്തകനാണ്. അദ്ദേഹം നടത്തിയിരുന്ന തുണിക്കടയാണ് അക്രമികള്‍ കൊള്ളയടിച്ചത്. കൊല്‍ക്കത്ത നഗരത്തിലെ എബിവിപി ഓഫീസും അക്രമികള്‍ കത്തിച്ചു. വടക്കന്‍ ബംഗാളിലെ ജല്പായിഗുഡിയില് പുതിയ ബിജെപി എംഎല്‍എ ശിഖ ചാറ്റര്‍ജിയുടെ വീട് തൃണമൂല്‍ അക്രമികള്‍ കൊള്ളയടിച്ചു. ഇവിടെ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകളും കൊള്ളടിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: