കുന്നത്തൂര്‍: ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ പുനര്‍ നിര്‍മ്മാണം ആരംഭിച്ച ശാസ്താംകോട്ടചവറ പൈപ്പ് റോഡ് പണ്ടുനര്നിര്മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. മെറ്റല്‍ പാകിയ ശേഷം നിര്‍മ്മാണം ഉപേക്ഷിച്ചതോടെ പൈപ്പ് റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് ആളുകള്‍ ദുരിതത്തിലായി.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക്മുമ്പാണ് റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ ഉണ്ടായിരുന്ന റോഡ് ഇളക്കി ഉറപ്പിക്കുകയും അതിന് പുറത്ത് പുതിയ മെറ്റല്‍ വിരിക്കുകയും ചെയ്തിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി. നിര്‍മാണം ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. നിലവില്‍ വിരിച്ചിട്ടിരിക്കുന്ന മെറ്റലുകള്‍ ഇളകി കാല്‍നട പോലും അസാധ്യമായിരിക്കുകയാണ്. ഇതാണ് ജനങ്ങളെ വലയ്ക്കുന്നത്.
ശാസ്താംകോട്ട തടാകത്തില്‍ നിന്നും കൊല്ലം പട്ടണത്തിലേക്ക് വെള്ളം കൊണ്ടു പോകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് 1957 ല്‍ പൈപ്പ് റോഡ് നിര്‍മ്മിച്ചത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, തേവലക്കര, പന്മന പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന 11 കിലോമീറ്റര്‍ ദൂരമുള്ള പാതയുടെ അവകാശം വാട്ടര്‍ അതോറിട്ടിക്കാണ്. പതിറ്റാണ്ടുകളായി തകര്‍ന്ന് കിടന്ന റോഡ് വലിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. പണ്ടിന്നീട് അറ്റകുറ്റപണികള്‍ ചെയ്യാഞ്ഞതിനാല്‍ ടാറിംഗ് ഇളകി യാത്ര ദുഷ്കരമായ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ഉയരുകയും തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചാ വിഷയമാവുകയും ചെയ്തതോടെയാണ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ഇടപെട്ട് മുഖ്യമന്ത്രിയുടെ ലോക്കല്‍ ഡെവലപ്മെന്റ് ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ അനുവദിച്ച് പണി തുടങ്ങിയത്.
എന്നാല്‍ ഇത് ശാസ്താംകോട്ട മുതല്‍ 3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിനെ കഴിയുകയുള്ളു. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന റോഡ് പുനര്‍നിര്‍മ്മിക്കാന്‍ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഒന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: