കരമന: സ്വന്തം വാര്‍ഡിലെ പാലം അപകടത്തിലായിട്ട് തിരിഞ്ഞുനോക്കാന്‍ സമയമില്ലാത്ത തിരുവനന്തപുരം മേയര്‍ നഗരവാസികള്‍ക്ക് ശ്മശാനം നിര്‍മിക്കുന്ന തിരക്കിലാണെന്ന് ആക്ഷേപം ഉയരുന്നു. മുടവന്മുഗള് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാറയില്‍കടവ് പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
കൊവിഡ് രണ്ടാംവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗ്യാസ് ശ്മശാനം നിര്‍മിച്ചത് കോര്‍പ്പറേഷന്റെ നേട്ടമായി മുഖപുസ്തകത്തില്‍ പോസ്റ്റിട്ട് പുലിവാല് പിടിച്ച മേയര്‍ പക്ഷേ സ്വന്തം വാര്‍ഡിലെ പാലം തകര്ച്ചയിലെത്തിയിട്ട് അറ്റകുറ്റപ്പണി നടത്താന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് വാര്‍ഡിലെ വോട്ടര്‍മാര്‍ ആരോപിക്കുന്നത്. മുടവന്മുഗള്-എസ്റ്റേറ്റ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് പാറയില്‍കടവ് പാലം. ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ദേശീയപാതയില്‍ പാപ്പനംകോട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പാറയില്‍കടവ് പാലം വഴി കടന്നു പോകുന്നത്. പാപ്പനംകോട് നിന്നും വളരെ എളുപ്പത്തില്‍ തമലം, പൂജപ്പുര, ജഗതി എന്നിവിടങ്ങളിലേക്കും പൂജപ്പുര, തമലം ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഈ പാലം വഴി പാപ്പനംകോട് എത്തി നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, കരമന, തമ്പാനൂര്‍, കരുമം, തിരുവല്ലം, മരുതൂര്‍ക്കടവ്, കാലടി, ആറ്റുകാല്‍ എന്നീ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ പോകാന്‍ കഴിയും.
പന്ത്രണ്ട് വര്‍ഷം മുമ്പ് കരമനയാറിന് കുറുകെ ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ചതാണീ ഇരുമ്പുപാലം. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തര യാത്രയും കാലപ്പഴക്കവും കാരണമാണ് പാലം തകര്‍ച്ചയുടെ വക്കിലെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി പാലത്തില്‍ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ പാലത്തിനു മുകളില്‍ കുറുകെ ഇരുമ്പുകമ്പികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇത് വകവയ്ക്കാതെ വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുക പതിവാണ്. അങ്ങനെ ഏതോ വാഹനം തട്ടി കുറുകെ ഘടിപ്പിച്ചിരുന്ന കമ്പി തകര്‍ന്ന് താഴെ വീണിരുന്നു. ഇപ്പോഴത് നാട്ടുകാര്‍ കയറുകൊണ്ട് കെട്ടി വച്ചിരിക്കുകയാണ്. എത് നിമിഷവും ഈ കയര്‍പൊട്ടി കമ്പി, യാത്രക്കാരുടെയോ വാഹനങ്ങളുടെയോ മുകളിലേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പാലം വഴി ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വശത്തെ തൂണുകള്‍ ഇളകി ശബ്ദം കേള്‍ക്കുന്നുണ്ട്. ഇങ്ങനെ തുടര്‍ന്നാല്‍ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. എത്രയും പെട്ടെന്ന് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തി കേടുപാടുകള്‍ പരിഹരിച്ച് പ്രാണഭയം കൂടാതെ സഞ്ചരിക്കാനുള്ള അവസരം ഒരുക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: