തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തില്‍ പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതിസന്ധിയില്‍. കുടിവെള്ളമെത്തിക്കാന്‍ രാപകലില്ലാതെ പ്രയത്നിക്കുന്നവര്‍ ഇന്ന് അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിക്കുകയാണ് കൊവിഡ് മൂലം.
അടുത്തകാലം വരെ കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത പേരായിരുന്നു പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ എന്നത്. എന്നാലിന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കുപ്പിവെള്ളം ലഭ്യമാണ്. അഞ്ഞൂറ് മില്ലിലിറ്റര്‍ മുതല്‍ ഇരുപത് ലിറ്റര്‍ വരെയുളള വിവിധ അളവുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലും ക്യാനുകളിലും ഇത് സുലഭമായി ലഭിക്കുന്നു. കുപ്പിവെള്ള വിതരണ രംഗത്ത് ഇന്ന് നിരവധി പേര് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് അഖില കേരള അടിസ്ഥാനത്തില്‍ ഒരു സംഘടനയും രൂപീകരിച്ചു. ആള് കേരള പാക്കേജ്ഡ് ഡ്രിംഗിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്. (എകെപിഡിഡിഎ).
കൊവിഡ് എന്ന മഹാമാരി തകര്‍ത്ത നിരവധി ചെറുകിട തൊഴില്‍ മേഖലകളില്‍ ഒന്നാണ് കുപ്പിവെള്ള വിതരണ മേഖല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം തന്നെ ഇന്ന് തകര്‍ന്നിരിക്കുകയാണ്. അതിനെക്കുറിച്ച് എകെപിഡിഡിഎ സംസ്ഥാന സെക്രട്ടറി വി. വിനോദ് കുമാര്‍ ജന്മഭൂമിയോട് പ്രതികരിച്ചു.
”ഏകദേശം മൂന്ന് വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. വളരെ നല്ല രീതിയിലാണ് ബിസിനസ് നടന്നത്. ഞാന്‍ മുന്‍കൈയെടുത്താണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് അഖില കേരളാടിസ്ഥാനത്തില്‍ സംഘടന രൂപീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തന്നെ ഏകദേശം ഇരുന്നൂറോളം പേര് ഈ സംഘടനയിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ പലരും ഇന്ന് രംഗത്തില്ല.
കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിച്ച് കടം കയറി നില്‍ക്കക്കള്ളിയില്ലാതെ വാഹനവും ക്യാനുകളും കിട്ടിയ വിലയ്ക്ക് വിറ്റ് മേഖല വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. എനിക്ക് തന്നെ വെള്ളം വിതരണത്തിന് വാഹനവും ഡ്രൈവറും സ്റ്റാഫും ഒക്കെയുണ്ടായിരുന്നു. പക്ഷേ ബിസിനസ്സ് നഷ്ടത്തിലേക്ക് പോയപ്പോള്‍ ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും അവരെ ഒഴിവാക്കേണ്ടി വന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഫിറ്റ്നനസ് ടെസ്റ്റ് തുടങ്ങിയവ നടത്തണം, ഡ്രൈവര്‍ക്ക് ശമ്പളം നല്‍കണം തുടങ്ങി വരുമാനത്തെക്കാള്‍ ചെലവ് വര്‍ദ്ധിച്ചപ്പോള്‍ ഈ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന പകുതിയിലധികം പേരും കളമൊഴിഞ്ഞു തുടങ്ങി.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍. സ്ഥാപനങ്ങളില്‍ ജീവനക്കാരെ കുറച്ചതോടെ ഞങ്ങളുടെ ബിസിനസും കുറഞ്ഞു. കുടിവെള്ള വിതരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ഈ മഹാമാരി കാരണം ഇപ്പോള്‍ ശരിക്കും വെള്ളം കുടിക്കുകയാണ്. ഈ ദുരിതത്തില്‍ നിന്നും എന്നിനി മോചനം ലഭിക്കുമെന്നറിയില്ല.” വിനോദ്കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: