ന്യൂദല്‍ഹി : ദല്‍ഹിയില്‍ ഇനി അധികാരം കൂടുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്. ദല്‍ഹി ദേശീയ തലസ്ഥാന മേഖല ബില്ലില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനാവും.
സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പിവെച്ചതോടെയാണ് ബില്‍ പ്രാബല്യത്തിലായത്.
ദേശീയ തലസ്ഥാന മേഖല ആക്ട് 1991ല്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ ദല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടതായി രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനുപിന്നാലെയാണ് പുതിയ ഭേദഗതി നിയമവും പ്രാബല്യത്തില്‍ വരുന്നത്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും എഎപി എംഎല്‍എ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: