മുംബൈ : രാജ്യത്തെ ഓക്‌സിജന്‍ വിതരണം സുഗമത്തിലാക്കാന്‍ ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിയുമായി മഹീന്ദ്ര. മഹാരാഷ്‌ട്രയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അടിയന്തിരമായി എത്തിച്ചു നല്‍കുന്നതിനായാണ് പുതിയ പദ്ധതിക്ക് ആസുത്രണം നല്‍കിയിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഓക്സിജന്റെ അഭാവമല്ല രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ്. അതിനാല്‍ മഹീന്ദ്ര ഗ്രൂപ്പ് ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കുന്നുവെന്നുമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മഹീന്ദ്രയുടെ ലോജസ്റ്റിക്സ് വിഭാഗത്തിനായിരിക്കും ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല. മഹാരാഷ്‌ട്രയിലെ ആശുപത്രികളില്‍ അതിവേഗം ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിനാണ് ഓക്സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.
ഇതിനായി മഹീന്ദ്രയുടെ 20 ബൊലേറൊകളെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി ഓക്സിജന്‍ ആവശ്യമുള്ള മഹാരാഷ്‌ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്‍കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ 50 മുതല്‍ 75 വരെ പിക് അപ്പുകള്‍ വൈകാതെ ലഭ്യമാക്കി ഇത് വ്യാപിപ്പിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: