തൃശൂര്‍ : യുഡിഎഫിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലങ്ങളാണ് തൃശൂരും ഗുരുവായൂരും വടക്കാഞ്ചേരിയും. ജില്ലയില്‍ കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റുകളിലൊന്നായാണ് തൃശൂരിനെ വിലയിരുത്തിയിരുന്നത്. പത്മജയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. ലീഡര്‍ കെ.കരുണാകരന്റെ മകളായ പത്മജാ വേണുഗോപാലിന്റെ രണ്ടാം പരാജയം കോണ്‍ഗ്രസിനെ ഞെട്ടിച്ചു.
കരുണാകരന്റെ സ്വന്തം രാഷ്‌ട്രീയ തട്ടകമായ തൃശൂരില്‍ മകള്‍ക്ക് ഇത്തവണയും അടിപതറി. അച്ഛന്‍ കരുണാകരനും ജ്യേഷ്ഠന്‍ കെ.മുരളീധരനും ഏറ്റുവാങ്ങിയ പരാജയം പത്മജയെയും വിട്ടൊഴിഞ്ഞില്ല. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ 1996ല്‍ കരുണാകരന്‍ സിപിഐയുടെ വി.വി. രാഘവനോട് തോറ്റിരുന്നു. 1998-ലെ തെരഞ്ഞെടുപ്പില്‍ അച്ഛനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ മത്സരിച്ച മകന്‍ മുരളീധരനും പരാജയപ്പെട്ടു. വി.വി രാഘവനോട് തന്നെയാണ് മുരളീധരനും അടിയറവ് പറഞ്ഞത്. 2004-ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പത്മജാ വേണുഗോപാലും തോറ്റു.
ഇതിനു ശേഷം 2016-ലാണ് തൃശൂരിലെ കന്നിയങ്കത്തിന് പത്മജയെത്തിയത്. കാല്‍ നൂറ്റാണ്ടോളം തേറമ്പില്‍ രാമകൃഷ്ണന്‍ കൈവശം വെച്ചിരുന്ന തൃശൂരില്‍ അദ്ദേഹത്തിനു പകരം പത്മജയെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. എന്നാല്‍ സിപിഐയിലെ വി.എസ് സുനില്‍കുമാറിനോട് പരാജയപ്പെട്ടു. പത്മജയുടെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയിലെ ഉള്‍പ്പോര് പുറത്തെത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പത്മജ രംഗത്തെത്തുകയും ചെയ്തു. 2016-ലെ തെരഞ്ഞെടുപ്പിനും തോല്‍വിക്കും ശേഷം തൃശൂരില്‍ പത്മജ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഇതിന്റെ ഭാഗമായി തൃശൂരിലേക്ക് താമസം മാറ്റുകയും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. ഇതെല്ലാം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ തൃശൂരില്‍ തിരഞ്ഞെടുപ്പിന് പത്മജ ഒരുങ്ങിയതെങ്കിലും എല്ലാം വിഫലമായി.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ ഗുരുവായൂരില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലായിരുന്നു. മൂന്ന് ടേമായി തുടരുന്ന എല്‍ഡിഎഫിന്റെ കുത്തക തകര്‍ക്കാനാണ് താര പരിവേഷമുള്ള ഖാദറിനെ ലീഗ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ ഇടത് തരംഗത്തില്‍ ഖാദറും വീണു.
വടക്കാഞ്ചേരിയില്‍ രണ്ടാം വിജയം ഉറപ്പിച്ച് കളത്തിലിറക്കിയ സിറ്റിങ് എംഎല്‍എ അനില്‍ അക്കരയ്‌ക്ക് അടിതെറ്റിയതും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 2016-ലെ ഇടതു തരംഗത്തില്‍ വടക്കാഞ്ചേരി മാത്രമാണ് യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു അനിലും യുഡിഎഫും.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്തിയിട്ടും വടക്കാഞ്ചേരി ഇത്തവണ അനില്‍ അക്കരയെ കയ്യൊഴിഞ്ഞു. സ്വന്തം പഞ്ചായത്തായ അടാട്ട് പോലും മുന്നിലെത്താന്‍ അനിലിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: