അമ്പലപ്പുഴ: ജില്ലയില്‍ ഇടതു മുന്നണി വിജയം നിലനിര്‍ത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്. കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും നേടി നില മെച്ചപ്പെടുത്തുമെന്ന കടുത്ത പ്രതീക്ഷയിലായിരുന്നു ജില്ലയില്‍ യുഡിഎഫ് നേതൃത്വം. എന്നാല്‍ കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഒരു സീറ്റില്‍ മാത്രം കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വന്നു. സംഘടനാ സംവിധാനം ജില്ലയില്‍ പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും കാരണമായത്. ആലപ്പുഴ, അമ്പലപ്പുഴ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ കനത്ത വിജയ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.
എന്നാല്‍ സ്ഥാനാര്‍ത്ഥി മോഹികളായ ഏതാനും നേതാക്കളുടെ ഇടപെടല്‍ മൂലം പലയിടത്തും വലിയ രീതിയില്‍ വോട്ടുചോര്‍ച്ചയുണ്ടായത് വലിയ തിരിച്ചടിക്ക് കാരണമായി. ഇപ്പോള്‍ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ പരാജയപ്പെട്ടാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് ലഭിക്കു എന്ന നിലപാട് ചില നേതാക്കള്‍ സ്വീകരിച്ചത് കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ കാരണമായി. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്കും കാരണമായിട്ടുണ്ട്.ഇതിന്റെ ആദ്യ സൂചനയാണ് ഡിസിസി പ്രസിഡന്റു സ്ഥാനത്തു നിന്നുള്ള എം.ലിജുവിന്റെ രാജി.
ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം ധരിച്ചു വെച്ചിരുന്ന ചില നേതാക്കളുടെ രാഷ്ട്രീയ ഭാവിയും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ഇരുളടഞ്ഞിരിക്കുകയാണ്. വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നഗരസഭാ വാര്‍ഡുകളില്‍ വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായത് ഇത്തരം സ്ഥാനാര്‍ത്ഥി മോഹികളുടെ ഇടപെടല്‍ മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്.പല മണ്ഡലങ്ങളിലും വിജയ സാധ്യതയുണ്ടായിട്ടും ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതിരുന്നതും വലിയ വീഴ്ചയായി. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ശക്തമായ അടിയൊഴുക്കുകളുണ്ടായിട്ടും ഇതും പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: