ന്യൂദല്‍ഹി: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്ത്ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇക്കുറി ബംഗാളാണ് കോണ്‍ഗ്രസ് മുക്ത സംസ്ഥാനമായി മാറിയത്.
കേരളത്തിലാകട്ടെ, രാഹുലും പ്രിയങ്കയും പലകുറി വന്ന് പ്രചരണം കൊഴുപ്പിച്ചിട്ടും 2016ല്‍ 22 സീറ്റുപിടിച്ച കോണ്‍ഗ്രസ് ഇക്കുറി 92 സീറ്റില്‍ മത്സരിച്ചിട്ടും ആകെ നേടിയത് 21 സീറ്റുകള്‍ മാത്രം. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടെന്ന് മാത്രമല്ല, വെറും രണ്ട് സീറ്റുകളില്‍ അവരുടെ സാന്നിധ്യം ഒതുങ്ങി. അസമിലാകട്ടെ 2011ല്‍ 78 സീറ്റുകള്‍ എന്ന നിലയില്‍ നിന്നും 2016ല്‍ 26 സീറ്റുകളായി. ഇപ്പോള്‍ 2021ല്‍ എത്തിയപ്പോള്‍ നേരിയ ഉയര്‍ച്ചയുണ്ടായി- 29 സീറ്റുകള്‍. തമിഴ്നാട്ടിലും ഡിഎംകെയുടെ പിന്തുണയോടെ 2016ലെ ഏട്ട് സീറ്റ് എന്ന നിലയില്‍ നിന്നും 18 സീറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പക്ഷെ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വെറും 4.29 ശതമാനം മാത്രമാണ്.മാത്രമല്ല, അവര്‍ ഈ വിജയത്തിന് നന്ദി പറയേണ്ടത് ഡിഎംകെയോടാണ്.
ബംഗാളിലാണ് ഏറ്റവുലം വലിയ നാണക്കേട് കോണ്‍ഗ്രസിനുണ്ടായത്. സിപിഎം, സിപി ഐ, ഐഎസ്എഫ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കി 292 സീറ്റുകളിലും മത്സരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സിപി എമ്മുമായി കോണ്‍ഗ്രസ് മത്സരത്തിലായതിനാല്‍ രാഹുല്‍ഗാന്ധി ഒളിച്ചാണ് ബംഗാളില്‍ പലപ്പോഴും പ്രചാരണത്തിനെത്തിയത്. എങ്ങാനും ചെങ്കോടിക്ക് കീഴില്‍ നിന്ന് രാഹുല്‍ഗാന്ധി പ്രസംഗിക്കുന്നത് ആരെങ്കിലും വീഡിയോ പിടിച്ച് കേരളത്തില്‍ പ്രചരിപ്പിക്കുമോ എന്നതായിരുന്നു ഭയം. എന്തായാലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയും വീമ്പിളക്കിയിട്ടും കിട്ടയത് വട്ടപൂജ്യം. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് ബംഗാളില്‍ മത്സരിച്ചത്. എല്ലാ സീറ്റുകളിലും പരാജയം ഏറ്റുവാങ്ങി. 2016ല്‍ ഇവിടെ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ ഉണ്ടായിരുന്നതാണ്. ബിജെപിയാകട്ടെ 2016ല്‍ വെറും മൂന്ന് സീറ്റുകള്‍ എന്ന സ്ഥിതിയില്‍ നിന്നും മാറി 76 സീറ്റുകളിലേക്ക് അത് ഉയര്‍ത്തി പ്രധാനപ്രതിപക്ഷമായി മാറി.
കേരളത്തില്‍ 1980മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട യുഡിഎഫും സിപിഎം ഉള്‍പ്പെട്ട എല്‍ഡിഎഫും മാറി മാറി ഭരിച്ച പാരമ്പര്യമാണ് ഉണ്ടായത്. എന്നാല്‍ ഇക്കുറി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ ദൗര്‍ബല്യങ്ങളും പുറത്തായി. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇതിന്റെ പേരിലുള്ള യുദ്ധം എവിടെ എത്തിനില്‍ക്കും എന്നറിയില്ല.
പുതുച്ചേരി എന്ന കേന്ദ്ര ഭരണപ്രദേശം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇക്കുറി വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയത് ഇവിടെ ബിജെപി കൂടി ഉള്‍പ്പെട്ട മുന്നണി ഭരണത്തിലേറി എന്ന് മാത്രമല്ല, ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു.
തമിഴ്നാട്ടില്‍ നേരിയ മുന്നേറ്റത്തിന് കോണ്‍ഗ്രസ് നന്ദി പറയേണ്ടത് ഡിഎംകെയോടാണ്. അസമില്‍ തരുണ്‍ ഗൊഗോയ് എന്ന നേതാവിന്റെ കീഴില്‍ 2001 മുതല്‍ തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസാണ് ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ വെറും നോക്കുകുത്തിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: