അഹമ്മദാബാദ്: ഐപിഎല്ലിനെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ്. കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സ് താരങ്ങളായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു ഇന്ന് കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടാനിരുന്നത്. ആദ്യ പരിശോധനയിലാണ് ഇരുവും കോവിഡ് പോസിറ്റീവ് ആയത്. ഇതേത്തുടര്‍ന്ന് വിശദമായ രണ്ടാം പരിശോധന നടത്തിയെങ്കിലും അതിന്റെ ഫലം വൈകിട്ട് മുന്‍പ് ലഭിക്കാത്ത സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇതു പിന്നീട് നടത്തുമെന്നാണ് ബിസിസിഐ അധികൃതര്‍ അറിയിച്ചത്.
അതേസമയം, കൊല്‍ക്കത്തന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത താരങ്ങളേയും ആരാധകരേയും ഒരുപോലെ ആശങ്കയിലാഴ്ത്തി. നേരത്തെ തന്നെ മിക്ക താരങ്ങളും ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.. ഇതിന് ആക്കം കൂട്ടിക്കൊണ്ട് ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, ആഡം സാംബ, കെയ്ന്‍ റിച്ചാര്‍ട്സണ്‍ തുടങ്ങിയവര്‍ മടങ്ങുകയും ചെയ്തു. മറ്റ് ഓസീസ് താരങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഇതിഹാസ താരം റിക്കി പോണ്ടിംഗ് അടക്കം വെളിപ്പെടുത്തുകും ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ താരം ആര് അശ്വിനും ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഈ സമയം കുടുംബത്തിനൊപ്പമുണ്ടാകണം എന്ന തീരുമാനമാണ് പിന്മാറ്റത്തിന് പിന്നിലെ കാരണമായി അശ്വിന് പറഞ്ഞത്. താരങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ തന്നെ ഐപിഎല്‍ ഉപേക്ഷിക്കുകയോ കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ നിര്‍ത്തിവെക്കുകയോ ചെയ്യണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: