പുതുച്ചേരി: ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കെ 12 ഇടങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം മുന്നില്‍ എത്തി. ഇത്ലില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 10 മണ്ഡലങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം വിജയിച്ചുകഴിഞ്ഞു. എണ്ണല്‍ പുരോഗമിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഈ സഖ്യം മുന്നിലുമാണ്. കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകള്‍ മതി. ഇപ്പോഴത്തെ ട്രെന്‍ഡ് നോക്കിയാല്‍ തീര്‍ച്ചയായും ബിജെപി-എഐഎന്‍ആര്‍സി സഖ്യം അധികാരത്തില്‍ വരുമെന്ന് വേണം കരുതാന്‍.
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അഞ്ചിടത്ത് മുന്നിലാണ്. എന്‍ഡിഎ സഖ്യത്തെ നയിക്കുന്ന രംഗസ്വാമി നേതൃത്വം നല്‍കുന്ന എഐഎന്‍ആര്‍സി ഏഴ് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍ എഐഎന്‍ആര്‍സിയും ഒരെണ്ണത്തില്‍ ബിജെപിയും മുന്നിലാണ്.
ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ. ജോണ്‍കുമാര്‍ മുന്നിലാണ്. ജോണ്‍കുമാറിന്റെ മകന്‍ റിച്ചാര്‍ഡ് ജോണ്‍കുമാര്‍ നെല്ലിതോപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. തട്ടാന്‍ചാവഡിയില്‍ എ ഐഎന്‍ആര്‍സി സ്ഥാപകനും നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി മുന്നിലാണ്.മംഗലം മണ്ഡലത്തില്‍ എ ഐഎന്‍ആര്‍സിയുടെ ഡിജികുമാര്‍ മുന്നിലാണ്. കതിര്‍ഗമത്തില്‍ എ ഐഎന്‍ആര്‍സിയുടെ കെഎസ്പി എന്നറിയപ്പെടുന്ന രമേഷ് മുന്നിലാണ്. എഐഎന്‍ആര്‍സിയുടെ ചന്ദിര പ്രിയങ്ക നെടുങ്ങാടും യു. ലക്ഷ്മികാന്തന്‍ എമ്പലത്തും പിആര്‍എന്‍ തിരുമുരുകന്‍ കാരൈക്കല്‍ നോര്‍ത്തിലും ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഡിഎംകെ ഒരു സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും വിജയിച്ചുകഴിഞ്ഞു. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ഡിഎംകെയും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. വൈദ്യനാഥം ലോസ്‌പേട്ടിലും ഡിഎംകെ നേതാവ് അന്നിബാല്‍ കെന്നഡി ഔപാലത്തും മുന്നിട്ട് നില്‍ക്കുന്നു.
മാഹിയില്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ രമേഷ് പറമ്പത്താണ് ലീഡ് ചെയ്യുന്നത്.
പുതുച്ചേരിയില്‍ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം നേടാന്‍ 16 സീറ്റുകള്‍ ജയിച്ചാല്‍ മതി. മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടുകള്‍ എണ്ണുക. ആദ്യഘട്ടത്തില്‍ 12 മണ്ഡലങ്ങളില്‍ വോട്ടെണ്ണും. രണ്ടാം ഘട്ടത്തില്‍ പത്ത് മണ്ഡലങ്ങളിലും അത് കഴിഞ്ഞാല്‍ അവസാനം എട്ട് മണ്ഡലങ്ങളിലേയും വോട്ടുകള്‍ എണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: