ന്യൂദല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിജയാഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു.
കോവിഡ് വ്യാപനത്തില്‍ റോഡ് ഷോ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് വിജയാഹ്ലാദങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേരത്തെ തന്നെ വിലക്ക ഏര്‍പ്പെടുത്തിയതാണ്. ഇത് കൂടാതെ വോട്ടെണ്ണല്‍ നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിയമം ലംഘിച്ചുള്ള കൂടിച്ചേരലുകള്‍ നടന്നാല്‍ അത്തരം ഓരോ സംഭവങ്ങളിലും എഫ്ഐആര്‍ തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശമുണ്ട്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, അസം, ബംഗാള്‍, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോഴാണ് നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: