ന്യൂദല്‍ഹി: ഓര്‍ഡര്‍ കൊടുത്ത ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ചൈന തടഞ്ഞുവെയ്ക്കുകയാണെന്ന് ബോളിവുഡ് നടന് സോനു സൂദ് ശനിയാഴ്ച ഉയര്‍ത്തിയ പരാതിയില്‍ ചൈന നടുങ്ങി. അധികം വൈകാതെ തന്നെ ചൈനയുടെ പ്രതികരണം വന്നു: ‘ട്വിറ്ററില്‍ നടന് സോനു സൂദ് ഉയര്‍ത്തിയ പരാതി ഉടന്‍ പരിഹരിക്കാമെന്നും ഉടന്‍ ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് കൊണ്ടുവരാന്‍ നടപടിയെടുക്കും.’
ഇന്ത്യയിലുള്ള ചൈനയുടെ സ്ഥാനപതി സുന് വെയ്ഡോംഗ് ആണ് ട്വിറ്ററിലൂടെ സോനു സൂദിന് മറുപടി നല്‍കിയത്. ‘താങ്കളുടെ ട്വിറ്റര്‍ വിവരം ശ്രദ്ധിച്ചു. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കും. ചൈനയില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള ചരക്ക് വിമാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് 61 ചരക്ക് വിമാനങ്ങള്‍ എത്തി.’- ഇതായിരുന്നു സുന് വെയ്ഡോങിന്റെ ഒരു ട്വീറ്റ്.
നടന് സോനു സൂദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനയില്‍ 100 കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്.
എന്നാല്‍ ഇത് ഇതുവരെയും എത്താതായപ്പോഴാണ് നടന് ദേഷ്യം പിടിച്ചത്. അദ്ദേഹം നേരെ ട്വിറ്ററിലൂടെ പ്രതികരിച്ചു: ‘നൂറുകണക്കിന് ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. ഇന്ത്യയില്‍ ഓക്സിജന്‍ ഇല്ലാതെ ജീവന് നഷ്ടപ്പെടുന്ന സമയത്ത് ചൈന ഈ ഓക്സിജന്‍ ചരക്കുകള്‍ തടഞ്ഞുവെയ്ക്കുന്നത് സങ്കടകരമാണ്. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയോടും ചൈനയുടെ വിദേശകാര്യമന്ത്രിയോടും ജീവന് രക്ഷിക്കാന്‍ ഈ ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് എത്തിക്കിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.
ഇതിന് വീണ്ടും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയുടെ മറുപടി വന്നു:’ താങ്കള്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ അയക്കുക. അങ്ങിനെയങ്കില്‍ ഞങ്ങള്‍ക്ക് താങ്കളെ സഹായിക്കാന്‍ കഴിയും.’
ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങും വിദേശ കാര്യമന്ത്രി വാങ് യിയും ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങള്‍ വെച്ചുനീട്ടിയിരുന്നു. അതേ സമയം ചൈനയുടെ സഹായവാഗ്ദാനങ്ങളില്‍ അവരുടെ ഇരട്ടമുഖവും തെളിഞ്ഞിരുന്നു. ഇന്ത്യ കോവിഡ് പ്രശ്നവുമായി മല്ലടിക്കുമ്പോള്‍ അതിര്‍ത്തിയില്‍ ലഡാക്കില്‍ ചൈന വീണ്ടും പടയൊരുക്കത്തിന്റെ ഭാഗമായി സ്ഥിരതാമസത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയെയും അമേരിക്കയെയും അകറ്റാനും ചൈന ശ്രമം നടത്തിയിരുന്നു. എന്നാല്‍ മോദിയുടെ വിദഗ്ധമായ നയതന്ത്രം മൂലം അമേരിക്ക ഇന്ത്യയ്ക്കാവശ്യമായ വാക്സിന് അസംസ്കൃതസാമഗ്രികള് എത്തിക്കാമെന്നും അറിയിച്ചതോടെ ചൈന പ്രതിരോധത്തിലാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: