ശാസ്താംകോട്ട: മരച്ചീനിക്ക് വിലയില്ല, വാങ്ങാന്‍ ആളുമില്ല… കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കൊല്ലം ജില്ലയുടെ വടക്കന്‍ താലൂക്കുകളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ മരച്ചീനിയാണ് വിലയില്ലാത്തതിനാല്‍ കൃഷിയിടങ്ങളില്‍ കാട്കയറി കിടക്കുന്നത്.
താങ്ങ് വില നല്കി മരച്ചീനി കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിപണി പോലും മരച്ചീനി വാങ്ങാത്ത അവസ്ഥയാണുള്ളത്. രണ്ട് ദിവസം മുന്‍പ് ശൂരനാട് തെക്ക് പഞ്ചായത്തിലെ വിപണിയില്‍ മരച്ചീനിയുമായി എത്തിയ കര്‍ഷകര്‍ വില ലഭിക്കാത്തതിനാല്‍ തിരികെ പോയി. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പലരും മരച്ചീനി വിപണിയില്‍ നിന്ന് തിരികെ കൊണ്ടുവന്ന് കന്നുകാലികള്‍ക്കും മറ്റും അരിഞ്ഞു നല്‍കുകയാണ്.
കിലോയ്ക്ക് 25 രൂപ മുതല്‍ 40 രൂപ വരെ മരച്ചീനിക്ക് വിലയുണ്ടായിരുന്നു. അത് ഇപ്പോള്‍ എട്ട് രൂപ വരെയായി കുറഞ്ഞു. എന്നാല്‍ നഷ്ടം സഹിച്ചും എട്ടുരൂപക്ക് നല്‍കാമെന്ന് തീരുമാനിച്ചാല്‍ പോലും വാങ്ങാതെ കച്ചവടക്കാര്‍ ഒഴിഞ്ഞു മാറുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ആയിരത്തി അഞ്ഞൂറ്മൂട് മരച്ചീനി നട്ടുവളര്‍ത്തിയ ശൂരനാട്ടെ മരച്ചീനി കര്‍ഷകനായ കിണറു വിളയില്‍ സന്തോഷ് ചെലവായ തുകയുടെയും നഷ്ടത്തിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തി വിവരിക്കുന്നു. പാട്ടത്തിന് ഭൂമി എടുത്താണ് മരിച്ചീനി കൃഷി ഇറക്കിയത്. ഒരു മൂട് ചീനി പൂര്‍ണ്ണ വളര്‍ച്ച എത്തിയപ്പോള്‍ 30 രൂപ ചെലവായി. കൃഷിഭൂമി പാകമാക്കി ചീനി കമ്പ് നട്ട് വെള്ളം നനച്ചാണ് കിളിര്‍പ്പിച്ചത്. പിന്നീട് രണ്ട് തവണ ജോലിക്കാരെ നിറുത്തി ഇട കിളച്ചു. രണ്ട് തവണ വളവും ഇട്ടു. ആറു മാസം കൊണ്ട് പാകമാകുന്ന ഇനത്തില്‍ പെട്ടതാണ് ചീനിയാണ് നട്ടത്. ഇപ്പോള്‍ വിളവെടുക്കാന്‍ പാകമായി കിടക്കുകയാണ്. ചില കച്ചവടക്കാര്‍ വന്ന് നോക്കിയതല്ലാതെ പലരും വില പോലും പറഞ്ഞില്ലായെന്നും സന്തോഷ് പറയുന്നു.
ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് മരച്ചീനി നട്ട് പരിപാലിച്ച ശേഷം വില ലഭിക്കാതെ നിരാശയില്‍ കഴിയുന്ന നിരവധി കര്‍ഷകരാണ് ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ളത്. വെറ്റില കൃഷിക്ക് പിന്നാലെ മരച്ചീനികര്ഷകരും നഷ്ടത്തിന്റെ കണക്കുകളുമായി കൊവിഡ് വ്യാപനത്തിനിടയിലും സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുകയാണ്. കൃഷി വകുപ്പിന്റെ കീഴില്‍ കര്‍ഷകരുടെ സംരക്ഷകര്‍ എന്ന് മേനി നടിക്കുന്ന ഹോര്‍ട്ടികോര്‍പ്പും മരച്ചീനി കര്‍ഷകരുടെ ആവലാതിക്ക് മുന്നില്‍ മൗനം ഭജിച്ചിരിക്കുകയാണ്.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: