പാലക്കാട്: കൊവിഡ് വ്യാപനം ശക്തമായതോടെ ജില്ലയിലെ പൊതുഗതാഗതം സ്തംഭനത്തിലേക്ക്. പലയിടത്തും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുഖത പ്രകടിപ്പിച്ചുതുടങ്ങി. മാത്രമല്ല, ബസുകളില്‍ നിന്നുയാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിയമംകൂടി കര്ക്കശമാക്കിതോടെ ബസുടമകളും ജീവനക്കാരും പ്രതിസന്ധിയിലായി.
ബസ് സ്റ്റാന്റുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നിത്യേനയുള്ള പരിശോധനയും ഇവര്‍ക്ക് തലവേദനയായി. യാത്രക്കാര്‍ നിന്നുപോകുന്നതു കണ്ടാല്‍ ഉടന്‍തന്നെ പിഴയീടാക്കുവാന്‍ തുടങ്ങി. ഒരുദിവസം മുഴുവനും ഓടിയാല്‍പ്പോലും പിഴയടക്കുവാന്‍ സാധിക്കാത്ത അവസ്ഥ. കഴിഞ്ഞ ലോക്ഡൗണില്‍നിന്നും ഒന്ന് കരകയറി വരുന്നതിനിടെയാണ് സ്വകാര്യ ബസുകള്‍ക്കുമേല്‍ ഈ അശനിപാതം വീണ്ടുമുണ്ടായത്. ഒരുവര്‍ഷത്തിലധികമായി ഓടാത്ത നിരവധി ബസുകള്‍ ഇപ്പോഴുമുണ്ട്. വളരെ കുറഞ്ഞവ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ശനിയും ഞായറും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി ആ ദിവസങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്താതായി. യാത്രക്കാരും ഉണ്ടാകാറില്ല. അതിനാല്‍ ഈ അവസ്ഥയില്‍ സര്‍വീസുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.
ഇന്നുമുതല്‍ ഇവ നിര്‍ത്തലാക്കുവാനാണ് ഒരുവിഭാഗം ബസുടമകള്‍ തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസുടമകള്‍ ഫോം ജി കൊടുത്താണ് ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് അറിയിച്ചു. ഇപ്പോള്‍ നികുതിയടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ ദിവസത്തിനുള്ളില്‍ നികുതിയടക്കാന്‍ കഴിയില്ല. നികുതി ഇളവുനല്‍കാന്‍ സര്‍ക്കാരും തയാറായിട്ടില്ല. അതിനാല്‍ത്തന്നെ നഷ്ടം സഹിച്ച് ബസുകള്‍ റോഡിലിറക്കാന്‍ ഉടമകളും തയാറാകുന്നില്ല. ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരെയാണ്. അവര്‍ക്ക് ഏക ആശ്രയം ഇതുവഴിയോടുന്ന സ്വകാര്യബസുകളാണ്. അവ നിര്‍ത്തലാക്കുന്നതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവര്‍.
നിത്യേന അങ്ങാടിയിലേക്ക് വന്ന് സാധനങ്ങള്‍ വില്പനക്കായി എടുത്തുകൊണ്ടുപോകുന്നവരെയും ഇത് ബാധിക്കും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുതന്നെ ഇത്തരം ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: