കൊച്ചി: 2019-ല്‍ ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ലമെന്റ് അംഗവും സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ് നേതാവുമായ റിഷാദ് ബതിയുദീന്റെ കേരള ബന്ധങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി. കേരളത്തില്‍ ഇയാള്‍ക്കുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിഷാദ് ബതിയുദീന്‍ 2009-ല്‍ കാസര്‍കോട് നടത്തിയ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഏജന്‍സികള്‍ പരിശോധിക്കും. കേരളത്തിലെ ചില മതനേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കും. റിഷാദ് ബതിയുദീനുമായി ശ്രീലങ്കയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുള്ളവരെ ചുറ്റിപ്പറ്റിയാകും അന്വേഷണം. ശ്രീലങ്കയുടെ വാണിജ്യ, വ്യവസായ മന്ത്രിയായിയിക്കെ റിഷാദ് 2013-ല്‍ ചെന്നൈയിലേക്ക് നടത്തിയ യാത്രയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, റിഷാദിന്റെ പിതാവ് കാസര്‍കോട് പഡ്‌നനയില്‍നിന്നുള്ള ആളാണ്. ഇന്റലിജന്‍സ് ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയും ശ്രീലങ്കൻ സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. 2019 ജൂണില്‍ ഒരാളെ അറസ്റ്റ് ചെയ്തു തമിഴ്‌നാട്ടിലെ ഒരു ഐഎസ് മൊഡ്യൂളിനെ എന്‍ഐഎ തകര്‍ത്തിരുന്നു. ശ്രീലങ്കന്‍ ഐഎസ്‌ഐഎസ് നേതാവ് സഹ്‌റാന്‍ ഹാഷിമുമായും കൂട്ടാളികളുമായും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പിടിയിലായത്.
ഈസ്റ്റര്‍ ദിനത്തില്‍ ബോംബാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാളായിരുന്നു ഹാഷിം. റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ അറസ്റ്റിലായ ശ്രീലങ്കന്‍ രാഷ്‌ട്രീയ നേതാവിന്റെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: