കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ ഭാരതം ഏറെ ആശങ്കയോടെയാണ് നേരിടുന്നത്. ഒന്നാം വരവിനെ പിടിച്ചു കെട്ടി സാമ്പത്തിക സുസ്ഥിരത കൈവരിക്കുവാന്‍ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി, സുനാമിപോലെ വീണ്ടും അതു കടന്നു വരുന്നത്. എന്നാല്‍, പ്രതിരോധ വാക്സിന് നല്കാന് പ്രാപ്തമായതിനുശേഷമാണ് രണ്ടാം വരവ് എന്നത് ആശ്വാസം നല്കുന്നു. കൊവിഡിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ നടത്തുമ്പോഴാണ് അര്‍ദ്ധസത്യങ്ങളുടെയും, നുണകളുടെയും പെരുമഴക്കാലം സൃഷ്ടിച്ച് ഒരു വിഭാഗം മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ഭീതിപരത്തുന്നത്. പക്വതയില്ലാത്ത വിമര്‍ശനങ്ങള്‍ നടത്തുന്ന രാഹുല്‍ ഗാന്ധിയെ അവഗണിക്കാം. എന്നാല്‍ കപില്‍ സിബില്‍ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും, ഇടതുപക്ഷവും, മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയെ പോലുള്ള നേതാക്കളും നടത്തുന്ന വിമര്‍ശനങ്ങള്‍ തികച്ചും ജനദ്രോഹപരവും രാജ്യവിരുദ്ധ സമീപനവുമാണ്. ഭാരതം വിശ്വഗുരുവില്‍ നിന്ന് ലോക ഭിക്ഷക്കാരനായി എന്ന യശ്വന്ത് സിന്‍ഹയുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ആരോഗ്യരംഗത്ത് ഇന്ത്യ ചെലവഴിക്കുന്ന തുക മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ചെറുതാണ് എന്ന് കപില്‍സിബില്‍ പറയുന്നതും നരേന്ദ്രമോദി സര്‍ക്കാരില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തുന്നതും പ്രതിഷേധാര്‍ഹമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്റു കുടുംബവുമാണ് ഏതാണ്ട് ആറു പതിറ്റാണ്ട് രാജ്യം ഭരിച്ചത്. എന്തുകൊണ്ട് ജിഡിപിയുടെ കൂടിയ വിഹിതം ആരോഗ്യ രംഗത്തേയ്ക്ക് മാറ്റിവച്ചില്ല? ചികിത്സാരംഗത്ത് രാജ്യം ഏറെ പിന്നിലാണെങ്കില്‍ അത് 2014നു ശേഷമുണ്ടായ പ്രതിഭാസമല്ല. ആരോഗ്യ രംഗത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് രാജ്യത്ത് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് കൊവിഡിനെതിരായി തദ്ദേശീയമായി വാക്സിന് വികസിപ്പിക്കാന്‍ സഹായകമായത്. കുംഭമേളയും, തെരഞ്ഞെടുപ്പുമാണ് പ്രശ്നം എന്ന് പറയുന്നതു വസ്തുതകളെ മറച്ചുവയ്ക്കലാണ്. കൊവിഡ് വ്യാപനത്തിലും മരണത്തിലും മുന്നില്‍ നില്ക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഛത്തീസ്ഗഡ്, രാജസ്ഥാന്, പഞ്ചാബ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുംഭമേളയും തെരഞ്ഞെടുപ്പും ഇല്ലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സമീപനങ്ങളുമാണ് കൊവിഡ് പ്രതിരോധത്തെ തളര്‍ത്തിയതെങ്കില്‍ കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് ഈ തരത്തില്‍ വ്യാപിച്ചതെങ്ങനെയാണ്? പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഇരുപത് ശതമാനത്തിനുമുകളില്‍ മഹാരാഷ്ട്രയിലാണ്. മാത്രമല്ല കൊവിഡിന്റെ വ്യാപനത്തിലും, മരണത്തിലും മുന്നില്‍ നില്ക്കുന്ന ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവയില്‍ ബിജെപി ഭരണത്തിലില്ല. കൊവിഡില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന കേരളത്തില്‍ ഇടതുപക്ഷമാണ് ഭരിക്കുന്നത്. കൊവിഡിനെ പിടിച്ചു നിര്‍ത്തിയതില്‍ ആഗോളമോഡലാണ് കേരളം എന്നാണ് ഒരു കാലഘട്ടത്തില്‍ അവകാശപ്പെട്ടിരുന്ന്. വസ്തുത ഇതായിരിക്കേ കൊവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ചാര്‍ത്തുന്നത് എന്തടിസ്ഥാനത്തിലാണ്?
ജനസംഖ്യയില്‍ ലോകത്തു രണ്ടാമതു നില്ക്കുന്ന ഇന്ത്യ, പരിമിതികള്‍ക്കുള്ളിലും കൊവിഡിനെ തടഞ്ഞുനിര്‍ത്തുന്നതില്‍ വിജയിച്ചു. രണ്ടാം വ്യാപനം ഉണ്ടായിട്ടും ഇന്ത്യയിലെ മരണ നിരക്ക് വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ബ്രസീല്‍, ഇറ്റലി എന്നിവയ്ക്കു പുറകിലാണ്. ഒന്നാം കൊവിഡിന്റെ വ്യാപനത്തില്‍ പകച്ചു നിന്ന ലോകരാജ്യങ്ങള്‍ക്ക് ഏറെ സഹായം ചെയ്ത രാജ്യമാണ് ഭാരതം. നാം വികസിപ്പിച്ച വാക്സിന് ദരിദ്രരാജ്യങ്ങള്‍ക്ക് പങ്കുവച്ച രാജ്യമാണ് നമ്മുടേത്. രണ്ടാം വ്യാപനം ശക്തമായപ്പോള്‍ സുഹൃദ് രാജ്യങ്ങളില്‍ നിന്നു സഹായം തേടിയത് ഭിക്ഷാടനമല്ല, മറിച്ച് ദുരഭിമാനം കൂടാതെ ജനങ്ങളെ സംരക്ഷിക്കാന്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്ക് ദൗര്‍ലഭ്യം വരാതിരിക്കാനുള്ള ശ്രമമാണ്. ഭരണകൂടത്തിന്റെ കഴിവ് ഒരു വിപത്ത് ഉണ്ടാകുമ്പോള്‍ എങ്ങനെ അതിനെ നേരിട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ചില മാധ്യമങ്ങള്‍ ക്രൂരവും, രാജ്യദ്രോഹപരവുമായ സമീപനമാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊവിഡിന്റെ ചാമ്പ്യനായി ചിത്രീകരിച്ച് ഇരു കൈകളിലും വൈറസ് ഉയര്‍ത്തി നില്ക്കുന്ന കാരികേച്ചറാണ് നല്‍കിയത്. ഡല്‍ഹിയിലെ ആശുപത്രി ഭരണം കെജരിവാളിന്റെ സര്‍ക്കാരാണ് നടത്തുന്നത് എന്ന സത്യം തിരിച്ചറിഞ്ഞ് ഹൈക്കോടതി പോലും ആ സംസ്ഥാന ഭരണകൂടത്തെ ശാസിച്ചപ്പോള്‍ പുരോഗമന മാധ്യങ്ങള്‍ അതു പ്രധാനമന്ത്രിയുടെ തലയില്‍ വച്ചു. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്കുപകരം ബോധപൂര്‍വ്വം, നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പ്രചാരണത്തിനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് കൊവിഡ് മഹാമാരിയെ പ്രതിപക്ഷവും ചിലമാധ്യമങ്ങളും ഉപയോഗിക്കുന്നത്.
മഹാമാരിയുടെ രണ്ടാം വരവ്, സുനാമിപോലെയാണ് ആഞ്ഞുവീശുന്നതെങ്കിലും ഭാരതം അതിനെ അതിജീവിക്കും. വാക്സിനേഷന് ആരംഭിച്ചുകഴിഞ്ഞു. കുറഞ്ഞത് അറുപത്കോടി ജനങ്ങള്‍ക്കെങ്കിലും അത് ലഭിച്ചാലേ രാജ്യത്തിന് പ്രതിരോധശേഷി ലഭിക്കൂ. അതു കൊണ്ട് തന്നെ വാക്സിനേഷനിലാണ് കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ പതിക്കുന്നത്. ലോകത്ത് ലഭ്യമായ എല്ലാ കൊവിഡ് വാക്സിനുകള്‍ക്കും ഭാരതത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞു. ആത്മനിര്ഭരഭാരതത്തെ ഭയക്കുന്ന ശക്തികള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇരട്ട പൗരത്വ വിവാദമുണ്ടാക്കി ജനതാഭരണത്തേയും കാവി വല്ക്കരണമെന്ന ആരോപണമുയര്‍ത്തി വാജ്പേയ് ഭരണത്തേയും അട്ടിമറിക്കാന്‍ ചില ആഗോള ശക്തികളുടെ പിന്തുണയോടെ അണിയറയില്‍ അണിചേര്‍ന്നവരാണ് മോദി സര്‍ക്കാരിനെതിരെ രംഗത്തുള്ളത്.
നരേന്ദ്രമോദി നേരിടുന്നത് കേവലം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പോരാട്ടമല്ല. മറിച്ച് വൈദേശിക പിന്തുണയുള്ള രാഷ്ട്രീയ- മാധ്യമ- മതശക്തികളുടെ മുന്നണിയും അവര്‍ നടത്തുന്ന ഭാരതവിരുദ്ധ പ്രചരണവുമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം സുശക്തമായി മുന്നേറുകയാണ്. ചൈനയേയും പാകിസ്ഥാനേയും നിലയ്ക്കുനിര്‍ത്താന്‍ കഴിഞ്ഞു. ആഗോള തീവ്രവാദത്തെ തടഞ്ഞുനിര്‍ത്തി. കാശ്മീരില്‍ സമാധാനവും വികസനപ്രക്രിയയും ആരംഭിച്ചു. രാമജന്മഭൂമി പ്രശ്നം കോടതിയിലൂടെ പരിഹരിക്കപ്പെട്ടു. മുത്തലാക്ക് നിയമം യാഥാര്‍ത്ഥ്യമായി. നോട്ടു നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ അടിവേരറുത്തു. വികസനത്തിന്റെ നേട്ടം അര്‍ഹിക്കുന്നവരുടെ കരങ്ങളില്‍ എന്നാല്‍ നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ കൂടെ നല്കുന്ന വ്യവസ്ഥകൊണ്ട് വന്ന് ഇടനിലക്കാരെ ഒഴിവാക്കി. മതത്തിന്റെയും, വ്യാജ സേവനത്തിന്റെയും പേരില്‍ കണക്കില്ലാതെ ഒഴുകി എത്തിയവിദേശപ്പണത്തിന് അറുതിവരുത്തി. വിദേശഫണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ദേശദ്രോഹ എന്‍ജിഒകളുടെ ഫണ്ട് നിര്‍ത്തലാക്കി. പൗരത്വനിയമവും, കാര്‍ഷിക പരിഷ്കരണങ്ങളും തല്പരകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കി. അഴിമതിയ്ക്ക് ദല്ലാള്‍ പണിചെയ്തിരുന്ന ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണുണ്ടായി. മുകളില്‍ പറഞ്ഞ ഓരോ വിഷയത്തിലും പ്രതിപക്ഷം ഉയര്‍ത്തിയ സമരാഭസങ്ങള്‍ പരാജ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കാലത്തും ലോക്ഡൗണ്‍ നടപ്പാക്കി പിടിച്ചുനിര്‍ത്തിയത് ലോകം അംഗീകരിച്ചതാണ്.
സമ്പദ് വ്യവസ്ഥ പന്ത്രണ്ട് ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്ന വേളയിലാണ് വീണ്ടും കൊവിഡ് മഹാമാരി രാജ്യത്തെ തുറിച്ചുനോക്കുന്നത്. മഹാമാരിക്കെതിരായ യുദ്ധം ചെയ്യുമ്പോള്‍ ശ്രദ്ധയും, കരുതലും ഏറെ അനിവാര്യമായിരിക്കുന്നു. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും നല്കുന്ന സന്ദേശമുണ്ട്. ആയുധമണിഞ്ഞ ശത്രുവിനെക്കാള്‍ വികലമനസ്സിന്റെ ഉടമകളും, അധികാരകേന്ദ്രങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന ദാസന്മാരും ദല്ലാളന്മാരുമാണ് യഥാര്‍ത്ഥ ശത്രുക്കള്‍. മന്ഥരയും, ശകുനിയും മഹാവിപത്തിന്റെ സ്രഷ്ടാക്കളായത് അങ്ങനെയാണ്. ജനാധിപത്യയുദ്ധത്തില്‍ രാഷ്ട്രീയം മന്ഥരമാരും ശകുനികളും മാധ്യമങ്ങളിലുടെയും ബുദ്ധിജീവികളിലുടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഇടതു മതേതര കാപട്യത്തിന്റെ ആള്‍രൂപങ്ങള്‍ കഴുകന്റെ കണ്ണോടെ എല്ലാ വിപത്തുകാലത്തും, മഹാമാരിക്കാലത്തും ആര്‍ത്തുല്ലസിക്കുന്നത് കാണാം. ചിലര്‍ മാരീചനായി വരും. രാഷ്ട്ര ശരീരത്തെ കൊത്തകീറിത്തിന്നാന് വെമ്പല്‍ കൊള്ളുന്ന ഈ ശക്തികളെ അവഗണിക്കാനാവില്ല. ആധുനിക മാരീചന്മാര് സൃഷ്ടിക്കുന്ന വിഭ്രാന്തി വളരെ വലുതാണ്. സര്‍ക്കാരും ജനങ്ങളും ഒന്നായി നിന്ന് ഈ പെരുംനുണകളും, അര്‍ദ്ധസത്യങ്ങളും പരത്തുന്ന ശക്തികളെ നേരിടേണ്ടതുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ആത്മശക്തിയുണ്ടാവേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: