ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിനരികില്‍. ആദ്യ പാദസെമിയില്‍ റോമയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് മുക്കിയാണ് യുണൈറ്റഡ് ഫൈനലിനരികിലെത്തിയത്. രണ്ടാം പാദത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങാതിരുന്നാല് യുണൈറ്റഡിന് ഫൈനലില്‍ കടക്കാം.
എഡിസണ് കവാനി, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ബ്രൂണോയാണ് സ്കോറിങ് തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ ആദ്യ ഗോള്‍ അടിച്ചു. എന്നാല്‍ ബ്രൂണോയ്ക്ക് മുമ്പേ കവാനി ഇരട്ട ഗോള്‍ തികച്ചു. 46, 64 മിനിറ്റുകളിലാണ് കവാനി ലക്ഷ്യം കണ്ടത്. 71-ാം മിനിറ്റില്‍ ബ്രൂണോ തന്റെ രണ്ടാം ഗോളും കുറിച്ചു. പോള്‍ പോഗ്ബ, മേസണ്‍ ഗ്രീന്‍വുഡ് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു. പെലിഗ്രിനിയും ഡെക്കോയുമാണ് റോമയ്ക്കായി ഗോളുകള്‍ നേടിയത്.
പതിനാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ചാമ്പ്യന്‍സ് ലീ്ഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് റോമയെ തോല്‍പ്പിച്ചിരുന്നു.
വിയാ റയലിനും വിജയം
വിയാ റയല്‍: സ്പാനിഷ് ടീമായ വിറാ റയലും യൂറോപ്പ ലീഗ് ഫൈനലിനരികിലെത്തി. ആദ്യ പാദ സെമിയില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്സണലിനെ പരാജയപ്പെടുത്തി മനു ട്രിഗൂറസ്, അല്‍ബിയോള്‍ എന്നിവരാണ് വിയാ റയലിനായി ഗോളുകള്‍ നേടിയത്. പെപ്പാണ് ആഴ്സണലിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ അടുത്തയാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: