ഒറ്റപ്പാലം: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തില്‍ ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രിയിലും മാങ്ങോട് മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്.
കൊവിഡ് രോഗികള്‍ക്കിടയില്‍ ഓക്സിജന്‍ ആവശ്യമുള്ളരുടെ കണക്ക് പ്രതിദിനം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. താലൂക്ക് ആശുപത്രിയില്‍ 24 കിടക്കകളും മാങ്ങോട് മെഡിക്കല്‍ കോളേജ് കേന്ദ്രത്തിലുള്ള 25 ഐസിയു കിടക്കകളും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന രീതിയില്‍ സജ്ജമാക്കാനുമാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മാങ്ങോട് ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഒരുക്കിയിരുന്നു. ഐസിയുവിലെ ഓക്‌സിജന്‍ നല്‍കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഐസിയു വീണ്ടും സജ്ജീകരിക്കാന്‍ ഓക്സിജന്‍ നല്‍കുന്നതിനുള്ള പുതിയ കണക്ടറുകള്‍ വാങ്ങുകയാണ് അധികൃതര്‍.
കണക്ടറുകള്‍ക്ക് ക്ഷാമമുള്ളതായും സൂചനയുണ്ട്. ഇവ സജീകരിച്ചു കഴിഞ്ഞാല്‍ മാങ്ങോട്ട് ഐസിയുവിലും രോഗികളെ പ്രവേശിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ വരെ 297 പേരാണ് ചികിത്സയിലുള്ളത്. ഓക്സിജന്‍ ആവശ്യമായി വന്ന പാലക്കാട് കിന്‍ഫ്രയില്‍ ചികിത്സയിലിരുന്ന 10 പേരെ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിലേക്കും മാങ്ങോട് ചികിത്സാകേന്ദ്രത്തിലെ അഞ്ചുപേരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: