നെന്മാറ: മലയോര മേഖലയായ നെല്ലിയാമ്പതിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളികളും വനവാസികളും ഭീതിയില്‍. കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 62 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് നെല്ലിയാമ്പതിയില്‍ ഒറ്റദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞയാഴ്ച നടത്തിയ ആന്റിജന്‍ ക്യാമ്പില്‍ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് മുപ്പതോളം പേരെ ആരോഗ്യ വകുപ്പ് നീരിക്ഷണത്തിലാക്കി. അവരില്‍ 10 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രോഗലക്ഷണങ്ങളുള്ള 10 പേര്‍ക്കും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റൈന് ലംഘനം നടത്തിയ ആള്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇയാള്‍ക്കെതിരെ പോലീസും ആരോഗ്യവകുപ്പും നടപടിയെടുത്തു.
പാടികളില്‍ കഴിയുന്നവരായത് കൊണ്ട് പലര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ബുദ്ധിമുട്ട് നേരിടുന്നു. കൂടാതെ നെല്ലിയാമ്പതിയിലെ 108 ആംബുലന്‍സ് കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പാലക്കാട് പോയതിനാല്‍ രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് നാല് ആംബുലന്‍സുകളെത്തി നെല്ലിയാമ്പതിയിലെ രോഗികളെ പാലക്കാട് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: