ന്യൂദല്‍ഹി : തലസ്ഥാന നഗരിയിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയോട ആവശ്യപ്പെട്ട് എഎപി എംഎല്‍എ ഷൊയ്ബ് ഇഖ്ബാല്‍. തലസ്ഥാന നഗരിയിലെ ആശുപത്രിയില്‍ ആവശ്യത്തിന് ബെഡോ, ഓക്സിഡന് സിലിണ്ടറുകളോ ഇല്ല. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആകുന്നില്ല. അതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ഷൊയ്ബ് ഇഖ്ബാല്‍ ആവശ്യപ്പെട്ടു.
കോവിഡ് മൂലം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ദല്‍ഹിയുടെ സാഹചര്യം എംഎല്‍എ എന്ന നിലയില്‍ തന്നെ ലജ്ജിപ്പിക്കുന്നു. ദല്‍ഹിയുടെ നിലവിലെ സ്ഥിതി അതിയായ ദുഃഖം ഉളവാക്കുന്നു. രോഗികള്‍ക്ക് ഓക്സിജനോ മരുന്നുകളോ ലഭ്യമല്ല. ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ആവശ്യമായ സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല. ആറാമത്തെ തവണ എംഎല്‍എയായ ഒരാളായിട്ട് പോലും തന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ഒരാളും തയ്യാറാവുന്നില്ല. ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഈ അടിയന്തിര സാഹചര്യത്തില്‍ തലസ്ഥാന നഗരിയുടെ ഭരണം രാഷ്ട്രപതിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ദല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ കുമാറും ആവശ്യപ്പെട്ടു. ആശുപത്രികളില്‍ ആവശ്യത്തിന് ബെഡും, ഓക്സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രചാരണങ്ങള്‍ക്കായി കോടികളാണ് ദല്‍ഹി എഎപി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം 24,235 പേര്‍ക്കാണ് ദല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 395 പേര് മരിക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് ദല്‍ഹിയില്‍ കോവിഡ് മരണം 300 ന് മുകളിലായി രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്കും ഏറെ കൂടുതലാണ്. 32.82 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: