പള്ളുരുത്തി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ അടച്ച് പൂട്ടിയ കുമ്പളങ്ങി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നാട്ടുകാര്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാനൂറില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കുമ്പളങ്ങി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്ന്മെന്റ് സോണാക്കി മാറ്റുകയും പഞ്ചായത്ത് അടച്ച് പൂട്ടുകയും ചെയ്തത്.
പഞ്ചായത്തിന്റെ നാല് അതിരുകളും ബാരിക്കേഡ് ഉപയോഗിച്ച് അടക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോലിക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം നല്കി പോകാമെന്ന ഇളവുകള്‍ മുതലെടുത്ത് നിരവധി വാഹനങ്ങളാണ് കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തില്‍ ഇന്നലെ രാവിലെ പ്രത്യേക്ഷപ്പെട്ടത്.
ജോലിക്ക് പോകുന്നവരാണെന്ന് ബോധ്യപ്പെട്ടവരെ പോലിസ് വിട്ടയച്ചെങ്കിലും നിസാര കാര്യങ്ങള്‍ പറഞ്ഞെത്തിയവരെ പോലിസ് തടഞ്ഞു. എന്നാല്‍ ഇവരാരും തന്നെ മടങ്ങി പോകാന്‍ തയാറായില്ല. ഇതിനിടയില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റും എത്തിയവരും വാഹനങ്ങളുടെ നീണ്ട നിരയില്‍ കുടുങ്ങി. ഇതോടെ പോലിസും വലഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളുരുത്തി എസ്.ഐ. വൈ. ദീപു ഉള്‍പെടെയുള്ള പോലിസൂകാര്‍ ആവശ്യപ്പെട്ടെങ്കിലും പലരും മടങ്ങി പോകാന്‍ തയാറായില്ല. തിരിച്ച് വരുമ്പോള്‍ കയറ്റില്ലെന്ന് പറഞ്ഞതോടെ ചിലരെങ്കിലും മടങ്ങി പോകാന്‍ തയാറായി. വാഹനങ്ങളുടെ നിര സെന്റ് ജോസഫ് പള്ളി വരെ നീണ്ടതോടെ ഗത്യന്തരമില്ലാതെ പോലിസ് ബാരിക്കേഡുകള്‍ തുറന്ന് നല്‍കുകയായിരുന്നു. പിന്നീട് പോലിസ് നിയന്ത്രണം ശക്തമാക്കി. ആളുകള്‍ കൂട്ടമായെത്തിയതാണ് പോലിസിനെ വലച്ചത്.
മാത്രമല്ല കുമ്പളങ്ങി പഞ്ചായത്തില്‍ കൂട്ടം കൂടുന്നതിനും അനാവശ്യമായി കറങ്ങി നടക്കുന്നതിനും വിലക്കുണ്ടെങ്കിലും ഇതൊന്നും പലരും അനുസരിക്കാന്‍ തയാറാകാത്ത സാഹചര്യമാണ്. പോലിസ് ശക്തമായ നടപടികളിലേക്ക് പോയാല്‍ മാത്രമേ രോഗ വ്യാപനം പിടിച്ച് നിര്‍ത്താന്‍ കഴിയുകയുള്ളൂ. രോഗ വ്യാപനം പിടിച്ച് നിര്‍ത്താന്‍ ജനം പോലിസിനോട് സഹകരിക്കണമെന്ന് പള്ളുരുത്തി എസ്.ഐ. ദീപു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: