മരട്: പനങ്ങാട് വീട് കയറി ആക്രമണം നടത്തിയ പ്രതിയെ പിടികൂടാന്‍ ചെന്ന നാല് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പനങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ പ്രമോദ് (45), സിബി (40), വിനീത് വിദ്യാധരന് (38), കണ്ട്രോള് റൂം സിപിഒ സിജുമോന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട് ആക്രമണ കേസ് പ്രതി ഉദയത്തുംവാതില്‍ കണ്ണങ്ങേഴത്ത് സുകുമാരന്റെ മകന് അനന്തു(30) ആണ് പോലീസിനെ ആക്രമിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് മൂന്ന് ജിപ്പുകളിലായെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചു. പോലീസിനെ കണ്ട് വീടിന്റെ ടെറസിലേക്ക് കയറിയ പ്രതി ആദ്യം പോലീസിന് നേരെ കല്ലെറിയുകയും, പിന്നീട് കമ്പി വടിക്കടിക്കുകയുമായിരുന്നു. മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കൈകാലുകള്‍ കൂട്ടികെട്ടി കുമ്പളം പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കയറ്റിയാണ് പോലീസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ പോലീസുകാരെ മരട് പിഎസ് മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൊബൈല്‍ റീച്ചാര്‍ജര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി വീട് കയറി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഉദയത്തുംവാതില്‍ നാലുകണ്ണി രാജുവിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. രാജുവിന്റെ വീടും, നാല് കാറുകളും, ഒരു ബൈക്കും പ്രതി അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പത്ത് ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: