കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ വാക്സിന് വിതരണം കേരളത്തില്‍ അട്ടിമറിക്കുകയാണന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്. ആവശ്യത്തിന് വാക്സിനുകള്‍ സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാതെ കേരളം പൂഴ്ത്തിവെക്കുകയാണ്. കഴിഞ്ഞ 27ന് 4,44,330 ഡോസ് വാക്സിന് സ്റ്റോക്കുണ്ടായിട്ടും 28ന് വിതരണം ചെയ്തത് 35000 ത്തോളം മാത്രമാണ്.
29ന് നാല് ലക്ഷത്തോളം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണ്. കേരളത്തില്‍ വാക്സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് കേരളത്തില്‍ അവതാളത്തിലായിരിക്കുന്നു. പിന്‍വാതില്‍ നിയമനം നടത്തിയ പിണറായി സര്‍ക്കാര്‍ കൊവിഡ് വാക്സിനും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പിന്‍വാതില്‍ വഴി നല്‍കുകയാണ്.
മറ്റ് സംസ്ഥാനങ്ങള്‍ 90 ശതമാനം വാക്സിനേഷനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തിയപ്പോള്‍ കേരളം നാല്‍പ്പത് ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്കി. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായിക്കൊടുത്ത വാക്സിന് വലിയ വിഭാഗം ജനങ്ങള്‍ക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നു. മറ്റ് സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് കേന്ദ്രങ്ങള്‍ വാക്സിനേഷന് തയ്യാറാക്കിയപ്പോള്‍ കേരളം അഞ്ഞൂറില്‍ താഴെ മാത്രമാണ് സജജമാക്കിയത്.
വാക്സിനേഷന് കേന്ദ്രങ്ങളിലെ തിക്കും തിരക്കും സമൂഹ വ്യാപനങ്ങള്‍ക്ക് പോലും വഴിവെച്ചു. വാക്സിനേഷന് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് യുവമോര്‍ച്ച ആരോപിച്ചു. കൊവിഡ് വാക്സിന് പൂഴ്ത്തിവെപ്പിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റിന് മുന്നിലും ഇന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളത്തില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: