കൊടകര: ഒന്നരവ്യാഴവട്ടക്കാലം തപാല്‍ വകുപ്പിനെ സ്നേഹിച്ചും കത്തുകളെ പ്രണയിച്ചും നാട്ടുകാരുടെ പ്രിയപ്പെട്ട സന്ദേശവാഹകനായ എം.ജി. സുരേഷ് തന്റെ ഹൃദയമിടിപ്പിനോട് ചേര്‍ത്തുവച്ച കാക്കി കുപ്പായം അഴിച്ചുവച്ച് വെള്ളിയാഴ്ച കൊടകര തപാല്‍ ആപ്പീസിന്റെ പടിയിറങ്ങുന്നു.
കൊടകര കനകമല മുണ്ടക്കല്‍ ഗോപാലന്റേയും കൗസല്യയുടേയും മകനായി ജനിച്ച സുരേഷിന്റെ വിദ്യാഭ്യാസം കൊടകര, ഇരിങ്ങാലക്കുട, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു. തപാല്‍ വകുപ്പിന്റെ കാക്കിയണിയും മുമ്പ് സുരേഷ് മുംബെയില്‍ ഗോദ്റെജിന്റെ റെപ്രസന്ററ്റീവ് ആയി ജോലി ചെയ്തു. പിന്നെ ബാംഗ്ളൂരില്‍ ഫുഡ് സര്‍വ്വീസ് മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നു. അവിടെ പഠനത്തിനൊപ്പം തന്നെ താജ് ഹോട്ടലില്‍ ജോലി ചെയ്തു. 86 കാലഘട്ടത്തില്‍ നാട്ടിലെത്തി എറണാകുളത്ത് അബാദ് പ്ലാസയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെയാണ് പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായിയുമായി സുരേഷ് സൗഹൃദത്തിലാകുന്നത്. അവിടെ നിത്യവും വൈകീട്ട് ഉമ്പായിയുടെ ഗസല്‍ പ്രോഗ്രാം അരങ്ങേറിയിരുന്നു.
അബാദ് പ്ലാസയില്‍ തുടങ്ങിയ ആത്മസൗഹൃദം ഗസല്‍ ചക്രവര്‍ത്തിയുടെ മരണം വരെ തുടര്‍ന്നു. നാലു വര്‍ഷമാണ് അബാദ് പ്ലാസയില്‍ സുരേഷ് ജോലി ചെയ്തത്. യൂണിയന് ഉണ്ടാക്കിയെന്ന കാരണത്താല്‍ 90 ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൂടെ 32 പേരേയും. പിന്നെ സമരങ്ങളുടെ തീഷ്ണകാലം. ജീവിതം കൂട്ടിമുട്ടിക്കാന്‍ തൃശൂര്‍ കാസിനോയിലെ ജോലിയും അബാദ് പ്ലാസക്കു മുന്നിലെ സമരവും ഒരുമിച്ച് കൊണ്ടുപോയി.
1993 ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി കനകമല പോസ്റ്റ് ഓഫീസില്‍ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റില്‍ സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. അപ്പോഴും ഒരു ഹോട്ടലിലെ പാര്‍ട് ടൈം ജോലിയും സുരേഷ് നിര്‍വ്വഹിച്ചിരുന്നു. അവിടെ ഒമ്പതര വര്‍ഷത്തിനു ശേഷം പ്രമോഷനായി കൊടുങ്ങല്ലൂരിലേക്ക്. തുടര്‍ന്ന് നീണ്ട 17 വര്‍ഷമായി കൊടകരയിലെ സൗമ്യസാന്നിദ്ധ്യമായി സുരേഷ് തുടര്‍ന്നു.
ഒട്ടേറെ അനുഭവങ്ങളാണ് തപാല്‍ രംഗത്ത് സുരേഷിനുള്ളത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ച ഉത്തരവുകള്‍ കൊടകരയിലെ പലര്‍ക്കും കൊണ്ടുപോയി കൊടുത്തതിന്റെ റിക്കാര്‍ഡ് സുരേഷിന് മാത്രം സ്വന്തം. ഏതൊരു സര്‍ക്കാര്‍ ഓഫീസില്‍ കയറി ചെന്നാലും സുരേഷിന്റെയടുത്തേക്ക് അന്ന് ഉത്തരവ് കൈപ്പറ്റിയ ഒരാളെങ്കിലും ഓടി വരും ആ നന്ദി പ്രകടിപ്പിക്കാന്‍. കത്തുകള്‍ കൊണ്ടുപോയി കൊടുക്കുമ്പോള്‍ സ്ഥാപനങ്ങളിലും കടകളിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് അവിടങ്ങളില്‍ കുറെ പേര്‍ക്ക് ജോലി തരപ്പെടുത്തി കൊടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ തപാല്‍ സ്നേഹി മുന്നില്‍ തന്നെ. 2018 ലെ പ്രളയകാലത്ത് പൂര്‍ണമായും കൊടകര തപാലാഫീസ് തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ദുരിതംവിതച്ച ആ നാളുകളിലും സുരേഷ് കര്‍മ്മനിരതനായിരുന്നു. സ്നേഹ കത്തുകളും , മണിയോര്‍ഡറുകളും മുടങ്ങാതെ വീടുകളിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ എത്തിച്ചിരുന്ന സുരേഷിനെ വലയം ചെയ്ത് ഒരുപാട് ആത്മാര്‍ത്ഥ ബന്ധങ്ങളുണ്ട്. കൊടകരയില്‍ ആദ്യനാളുകളില്‍ കാവില്‍, അഴകം, വല്ലപ്പാടി എന്നിവിടങ്ങളിലും പിന്നീട് കൊടകര ടൗണ്‍, മരത്തോമ്പിളളി, മരക്കമ്പനി പരിസരം എന്നിവിടങ്ങളിലുമായിരുന്നു സുരേഷിന്റെ സേവന മേഖല. കനത്ത ചൂടിനെ നേരിട്ട് ക്ഷീണം തട്ടാതെ ജോലി ചെയ്യുന്ന തന്റെ വിജയസൂത്രം കഞ്ഞിവെള്ളമാണെന്ന് ചെറുചിരിയോടെ സുരേഷ് പറയും. ദിവസവും 3 ലിറ്റര്‍ കഞ്ഞിവെള്ളമാണ് വീട്ടില്‍ നിന്ന് കൊണ്ടുവന്ന് ജോലിക്കിടയില്‍ കഴിക്കുക.
കൊടകര ഗ്രാമപഞ്ചായത്ത് 2019 ല്‍ മികച്ച പോസ്റ്റ്മാനായി സുരേഷിനെ ആദരിച്ചിട്ടുണ്ട്: ലയണ്‍സ് ക്ലബ്ബിന്റേയും വ്യാപാരി വ്യവസായി സംഘടനകളുടേയും കൊടകര പഞ്ചായത്തിലെ 8, 9 വാര്‍ഡുകളുടേയും സ്നേഹാദരം സുരേഷിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ന് പോസ്റ്റ്മാനെ കാണുമ്പോള്‍ ജനങ്ങള്‍ക്കത്ര മതിപ്പില്ലെന്ന് സുരേഷ് പറയുന്നു. പണ്ട് തോള്‍സഞ്ചി നിറയെ വിശേഷങ്ങളുമായി പടി കടന്നുവരുന്ന പോസ്റ്റ്മാനെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുമായിരുന്നു. ഇന്ന് കത്തുകളില്ലാത്ത കാലത്ത് പോസ്റ്റ്മാന് വിതരണം ചെയ്യുന്നത് ഭൂരിഭാഗവും കുറി കമ്പനി നോട്ടീസുകളും, വ്യവസായ കത്തുകളും…
തന്റെ തപാല്സേവനത്തിന്റെ അവസാനനാളുകള്‍ കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ രൂക്ഷവേളയിലാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷക്കാലം ഏറെ വേറിട്ട വിടപറയല്‍ മാതൃക സൃഷ്ടിച്ചിട്ടാണ് സുരേഷ് തപാല്‍ സഞ്ചി തിരിച്ചേല്‍പ്പിക്കുന്നത്. സേവന കാലയളവില്‍ തന്നെ ചേര്‍ത്തു പിടിച്ച കുറെ പേര്‍ക്ക് തപാല്‍ കാര്‍ഡില്‍ നന്ദി വാക്കുകളെഴുതി അയച്ചു കൊണ്ടാണ് വിശ്രമ ജീവിതത്തെ സ്വീകരിക്കുന്നത്. സരസ്വതിയാണ് സുരേഷിന്റെ ഭാര്യ. എക മകന് നിര്‍മ്മല്‍ കല്ലേറ്റുങ്കര പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. നിര്‍മ്മലിന്റെ ഭാര്യ നീനു ചാലക്കുടിയില്‍ ആയുര്‍വേദ ഡോക്ടറാണ്. പേരക്കുട്ടി ധ്രുവ്.
കൊടകര ഉണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: