ആലപ്പുഴ: കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ ഭരണാനൂകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ക്രമക്കേട് തുടരുന്നു. കോവിഡ് പോര്‍ട്ടലില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തവരെ ദ്രോഹിക്കുന്ന സമീപനമാണ് പല സെന്ററുകളിലും നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ തങ്ങളുടെ ദുരിതവും, ക്രമക്കേടുകളും അറിയിക്കാന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവരെ ഔദ്യോഗിക മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ എടുക്കാറുമില്ല.
മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്സിന് ലഭിക്കാതെ മടങ്ങേണ്ടി വരുന്നവര്‍ ആരോട് പരാതി പറയണം, ബന്ധപ്പെടണം എന്നതു പോലും അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരുടെ മുന്നിലൂടെ വാക്സിന് എടുത്ത മടങ്ങുന്ന കാഴ്ചയും പല വാക്സിനേഷന് സെന്ററുകളിലുമുണ്ട്. കോവിഡ് വാക്സിനേഷന് ഭരണാനുകൂല സംഘടനകളും, ജീവനക്കാരും കയ്യടക്കിയ അവസ്ഥയിലാണ്.
പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ് ഡോസ് വാക്സിന് ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാറില്ല. ഇവിടങ്ങളില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ പിന്‍ബലമുള്ളവര്‍ നേരിട്ട് എത്തി വാക്സിന് എടുക്കുന്നതായാണ് ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ പിഎച്ച്സിയില്‍ 100 ഡോസ് വാക്സിന് ഉള്ളതായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചിരുന്നെങ്കിലും, ടൈം സ്ലോട്ട് ലഭിക്കാതിരുന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. പരാതി പറഞ്ഞവരോട് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.
ഇന്നലെ മുട്ടാറിലെ മിത്രക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതിലും വിചിത്രമായ സംഭവങ്ങളാണ് നടന്നത്. വാക്സിന് എടുക്കുന്നതിനായി ഓണ്‍ലൈനിലൂടെ തീയതിയും, സമയവും രേഖമൂലം അനുവദിച്ച് കിട്ടിയവര്‍ക്ക് വാക്സിന് നല്കാന് അധികൃതര്‍ തയ്യാറായില്ല. ഓണ്‍ലൈനിലൂടെ ലഭിച്ച അറിയിപ്പിന്റെ പ്രിന്റൗട്ടുമായി എത്തിയവര്‍ക്ക് പോലും ആദ്യം വാക്സിന് നിഷേധിക്കാനാണ് ശ്രമിച്ചത്. നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചെങ്കിലും തങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കാത്തതിനാല്‍ വാക്സിന് നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ വാശിപിടിച്ചു. ദൂരപ്രദേശങ്ങളില്‍ നിന്ന് എത്തിയ പ്രായമായവര്‍ അടക്കമുള്ളവരോട് ഏറെ നേരം ക്യൂ നിന്ന് ശേഷമാണ് വാക്സിന് നല്‍കില്ലെന്ന് അറിയിക്കുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചവര്‍ക്ക് പോലും ഇവിടെ വാക്സിന് നല്കാന് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: