യാഥാര്‍ഥ്യത്തിന്റെ കണികയില്ലാത്ത ഗിരി പ്രഭാഷണങ്ങള്‍. വിതരണ ശൃംഖല പാടേ തകര്‍ന്ന ആശുപത്രികള്‍ കാട്ടിക്കൂട്ടിയ കുരുത്തക്കേടുകളുടെ പാപഭാരം കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവയ്‌ക്കുന്ന ആവിഷ്‌കാര വൈചിത്ര്യം. കോവിഡ്കാല ഇന്ത്യയെ വേട്ടയാടുന്ന മാധ്യമങ്ങളും പ്രതിപക്ഷ രാഷ്‌ട്രീയക്കാരും കാട്ടിക്കൂട്ടുന്നത് ഇതൊക്കെയാണ്.
രണ്ടുമാസം മുന്‍പ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്വര്‍ധന്‍ പറഞ്ഞ വാക്കുകളിലേയ്‌ക്ക് ഒന്നു തിരിച്ചു പോകാം: ‘രാജ്യത്തെ അഞ്ചില്‍ ഒന്ന് ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസമായി കോവിഡ്-19 കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് കേസുകള്‍ ക്രമാതീതമായി കുറഞ്ഞുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതരാകുന്നവരുടെ പ്രതിദിന കേസുകള്‍ 90,000 വരെ കയറിയിരുന്നു. പിന്നീടത് 9,000 എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിച്ചു. എന്നാല്‍, പിന്നീടു കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. ഏപ്രിലില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനവുണ്ടായി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്നതാണ് രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.’
കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരിയെ അവസരമാക്കി വന്‍ ലാഭം കൊയ്ത ആശുപത്രികളാണ് ഡല്‍ഹിയില്‍ ഓക്സിജന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത്. ഒരു ദിവസം ഓക്സിജന് നല്‍കുന്നതിന് ഒരു രോഗിയില്‍ നിന്ന് 5000 രൂപ ഈടാക്കുന്ന അതേ ആശുപത്രികള്‍! ഓക്സിജന്‍ ക്ഷാമമാണ് മരണത്തിനിടയാക്കുന്നതെന്ന കോലാഹലമല്ലാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി ആശുപത്രികള്‍ നടത്തുന്ന കൊള്ളയടിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞു കേട്ടോ?
ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം സംഭവിച്ച ദൗര്‍ഭാഗ്യകരമായ മരണങ്ങള്‍ വന്‍ വിവാദങ്ങളായി നമുക്കു മുന്നിലുണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ വേണം അതിനെ വിലയിരുത്താന്‍. ദല്‍ഹിയിലെ കോര്‍പ്പറേറ്റ് ആശുപത്രികളിലാണ് ഓക്‌സിജന്‍ ക്ഷാമത്താലുള്ള മരണം ആദ്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരിയെ അവസരമാക്കി വന്‍ ലാഭം കൊയ്ത ആശുപത്രികളാണിവ. ഇതേക്കുറിച്ച് Profit in times of COVID 19 : Is it time to take over private hospitals? എന്ന തലക്കെട്ടില്‍ നാഷണല്‍ ഹെറാള്‍ഡ് ഒരു ലേഖനം തന്നെ എഴുതി. 2020 ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കണക്കുകള്‍ പ്രകാരം ഒരു ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കൊറോണ ബാധിതരില്‍ നിന്ന് യഥാക്രമം 25090, 53090, 75,590 എന്നിങ്ങനെ അഞ്ച് ലക്ഷവും ആറ് ലക്ഷവും 12 ലക്ഷവും വരെരൂപയാണ് ഈടാക്കുന്നത്. പിപിഇ കിറ്റ്, പരിശോധനകള്‍, മരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം ചെലവായ തുക കൂട്ടിനോക്കിയാല്‍ ഇന്ത്യാക്കാരുടെ വാര്‍ഷിക വരുമാനത്തോളം വരും ആശുപത്രി ബില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടില്‍ ചികിത്സയിലിരുന്നാലും പരിശോധനകള്‍ക്കും മറ്റുമായി ഏകദേശം 5700, 21900 രൂപ വരെ ചെലവ് വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ആശുപത്രികളുടെ ഈ കൊള്ളയടിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സിലേ(എഎച്ച്പി)യും ഫിക്കിയിലേയും അംഗങ്ങള്‍ ഫീസില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സമ്മതം അറിയിച്ചു. എന്താണ് അവര്‍ ഫീസിലേര്‍പ്പെടുത്തിയ സ്വയം നിയന്ത്രണം?
ജനറല്‍ വാര്‍ഡിന് പതിനയ്യായിരം രൂപയും ഓക്‌സിജന് അയ്യായിരം രൂപയുമാണ് ഒരു ദിവസത്തേക്ക് എഎച്ച്പി നടപ്പില്‍ വരുത്തിയ പുതിയ നിരക്ക്. ഐസിയുവിന് 25,000 രൂപയും വെന്റിലേറ്ററിന് 10,000 രൂപയുമാണ്. ഇതിലും ഉയര്‍ന്നതാണ് ഫിക്കിയുടെ നിരക്ക്. പ്രതിദിനം 17,000 രൂപ മുതല്‍ 45,000 രൂപവരെ എന്ന നിരക്കിലാണ് അവര്‍ കൊറോണ രോഗികളെ പിഴിയുന്നത്. ആശുപത്രികള്‍ 375-500 നിരക്കില്‍ വാങ്ങുന്ന പിപിഇ കിറ്റുകള്‍ രോഗികള്‍ക്ക് നല്‍കുമ്പോള്‍ ഈടാക്കുന്നത് വാങ്ങിയ തുകയുടെ പത്തോ പന്ത്രണ്ടോ മടങ്ങ് അധിക രൂപയാണ്. ചെന്നൈയും മുംബൈയും ഒന്നും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.
ഇതേ ആശുപത്രികളാണ് ജീവിക്കുവാനുള്ള ഭരണഘടനാ അവകാശം ഉന്നയിച്ച്, സര്‍ക്കാരുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് റിട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
മെഡിക്കല്‍ ഓക്‌സിജന്റെ വിപണനം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല. കേന്ദ്ര കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള നാഷണല്‍ ഫാര്‍മ പ്രൈസിങ് അതോറിറ്റിയാണ് അതു ചെയ്യുന്നത്. ഓക്‌സിജന്‍ നിര്‍മാതാക്കള്‍ വ്യവസായ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയെക്കൂടാതെ സര്‍ക്കാരുകളുമായും ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ എത്രത്തോളം ഓക്‌സിജന്‍ ആവശ്യമാണ്, ഓക്‌സിജന്‍ എത്തിക്കുന്നതിന് എടുക്കുന്ന സമയം എന്നിവ പരിഗണിച്ച് അതിന്‍പ്രകാരമാണ് ഓര്‍ഡര്‍ സ്വീകരിക്കുക. ദൂരം, സമയം ഇതെല്ലാം പ്രധാനമാണ്. ഓക്‌സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്ന ദല്‍ഹിയിലെ ആശുപത്രികളെ സംബന്ധിച്ച് പ്രത്യേകിച്ചും
. അതിനാല്‍ത്തന്നെ സമയബന്ധിതമായി ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കേണ്ടതും അത്യാവശ്യമാണ്. അത്തരം മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ ആശുപത്രികള്‍ നടത്തിയിട്ടില്ല. അവരവിടെ ചെലവു ചുരുക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടയില്‍ നടന്ന ബഹളങ്ങള്‍ക്കിടയില്‍ ഈ വസ്തുതകളെക്കുറിച്ച് ആരെങ്കിലും മിണ്ടിക്കേള്‍ക്കുകയുണ്ടായോ?
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ല. പ്രതിദിനം ഒരു ലക്ഷം ടണ്‍ ഓക്‌സിജന്‍ നമ്മള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മൊത്തം ഉത്പാദനത്തില്‍ ഒരു ശതമാനത്തോളം മാത്രമാണ് മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനം. കൊറോണ പ്രതിസന്ധിക്കിടയില്‍ പോലും അത് 5-6 ശതമാനമായി ഉയര്‍ന്നിട്ടില്ല. ദ്രവ രൂപത്തിലുള്ള ഓക്‌സിജന്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കണമെങ്കില്‍ സുരക്ഷിതമായ ടാങ്കറുകള്‍ വേണം. അതിന്റെ വില 45 ലക്ഷം വരും. ഓക്‌സിജന്റെ വില 300 രൂപയാണെങ്കില്‍ അത് നിറയ്‌ക്കുന്ന സിലിണ്ടറിന്റെ വില 10,000 രൂപ! സാധാരണ സമയങ്ങളില്‍ പോലും ഓക്‌സിജന്റെ വിതരണം അതീവ ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ദല്‍ഹിയിലെ ആശുപത്രികള്‍ സ്വന്തമായി ഓക്‌സിജന്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതായിരുന്നു. പവര്‍ സ്വിങ് അഡ്സോര്‍ബ്ഷന്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം 50 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദല്‍ഹിയിലെ ആശുപത്രികള്‍ക്ക് ഇത് താങ്ങാവുന്ന തുകയുമാണ്. ഒന്നര വര്‍ഷത്തോളംകൊണ്ട് അവര്‍ക്കതിന്റെ മുടക്കുമുതല്‍ തിരികെ കിട്ടും. എന്നാല്‍ ഓക്‌സിജന്‍ പ്ലാന്റിന് വേണ്ടി സ്ഥലം നീക്കിവയ്‌ക്കാന്‍ അവര്‍ തയ്യാറായില്ല. പകരം അവര്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ തടസ്സം കൂടാതെ ഓക്‌സിജന്‍ വിതരണം നടത്തുന്നതിനുള്ള ഒരു പദ്ധതിയും അവര്‍ നടപ്പാക്കിയില്ല. പകരം സര്‍ക്കാരുകളോട് ഓക്‌സിജന്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പഴിമുഴുവന്‍ സര്‍ക്കാരുകള്‍ക്കായി.
ഇത്തരത്തില്‍ ആകസ്മികമായ സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട മോദി സര്‍ക്കാര്‍, 200 കോടിയില്‍ അധികം ചെലവ് വരുന്ന 162 പിഎസ്എ പ്ലാന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ ഓരോ മിനിറ്റിലും 80500 ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ഒരു പ്ലാന്റില്‍ നിന്ന് ഒരു ദിവസം ഏകദേശം ഒരു ടണ്‍ ദ്രവ രൂപത്തിലുള്ള ഓക്‌സിജന്‍. 162 ആശുപത്രികള്‍ക്ക് വേണ്ടി പ്ലാന്റ് ഓര്‍ഡര്‍ ചെയ്തതില്‍ 33 എണ്ണം മാത്രമാണ് സ്ഥാപിച്ചത്. എന്തുകൊണ്ട്?. സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ ഈ പദ്ധതിയെ സ്ഥലം ഇല്ല എന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തകിടം മറിക്കുകയായിരുന്നുവെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പരസ്പരം ആക്രോശിക്കുന്നവരില്‍ ആരെങ്കിലം കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള ഈ നീക്കത്തെക്കുറിച്ച് മിണ്ടിക്കേട്ടോ?
രാജ്യം മുഴുവന്‍ ഒരുമിച്ച് നിന്ന് കൊറോണ എന്ന സുനാമിക്കെതിരെ പോരാടേണ്ട സമയമാണിത്. പരസ്പരം പഴിചാരുകയോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ അല്ല വേണ്ടത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ശശി തരൂര്‍, മിനീഷ് തിവാരി, ജയറാം രമേശ് എന്നിവര്‍ ഒരേ സ്വരത്തിലാണ് ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്‌സിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ഇത് അപകടകാരിയാണെന്നാണ് ആനന്ദ് ശര്‍മ്മ പറഞ്ഞത്. രാജസ്ഥാന്‍ ഒഴികെ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബ്, ഛത്തീസ്ഗഡ്, കേരളം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഈ വാക്‌സിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഫലമോ, ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ മടിച്ചു. ജനുവരിയില്‍ 33 ശതമാനം പേര്‍ മാത്രം വാക്‌സിന്‍ സ്വീകരിച്ചു. 40 ശതമാനം ആളുകളുടെ നിലപാട് പിന്നീട് സ്വീകരിക്കാം എന്നതായിരുന്നു. 16 ശതമാനം പേര്‍ വാക്‌സിന്‍ എടുക്കില്ല എന്ന് തീരുമാനിച്ചു. മാര്‍ച്ച് ആയപ്പോഴേക്കും വാക്‌സിന്‍ എടുക്കാന്‍ തീരുമാനിച്ചവര്‍ 57 ശതമാനമായി. ഏറെ വിലപ്പെട്ട മൂന്ന് മാസം അവര്‍ നഷ്ടപ്പെടുത്തി.
ലോക്ഡൗണിന് മുമ്പ് ഉണ്ടായിരുന്ന ജീവിത സാഹചര്യങ്ങളിലേക്ക് പലരും മടങ്ങിപ്പോയി. പൊതുഇടങ്ങളും ഗതാഗത സൗകര്യങ്ങളും കൂടുതലായി പ്രയോജനപ്പെടുത്തി. സാമൂഹിക അകലം മറന്നു. മാസ്‌ക് ധരിക്കാതെ ആളുകള്‍ ഇടപഴകി. ഇപ്പോള്‍ നമ്മള്‍ വലിയൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. രാജ്യം ഒന്നാകെ ഇച്ഛാശക്തിയോടെ നില്‍ക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: