ഒന്നര വര്‍ഷം മുന്‍പ് കമ്യൂണിസ്റ്റ് ചൈനയിലെ വുഹാനില്‍നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഈ മഹാമാരി പരത്തുന്ന വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണെങ്കിലും, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ചോദ്യചിഹ്നമുയര്‍ത്തുന്ന മഹാവിപത്തായി ഇത് മാറിക്കഴിഞ്ഞു. രോഗവ്യാപനം തീവ്രമാക്കുന്ന വൈറസിന്റെ പലതരം വകഭേദങ്ങള്‍ വിവിധ രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി ഈ മഹാവിപത്തിനെ നേരിടാനാവില്ലെന്ന് വ്യക്തമായിരിക്കുന്നു. ആഗോളതലത്തില്‍ രാഷ്‌ട്രങ്ങളുടെ പരസ്പര സഹകരണം ഇതിനാവശ്യമാണ്. ഒന്നാം തരംഗത്തില്‍ ലോക്ഡൗണിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞ ഭാരതം രോഗവ്യാപനം രൂക്ഷമായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിവിധതരം മരുന്നുകളും മാസ്‌കുകളും വെന്റിലേറ്ററുകളും നല്‍കി സഹായിക്കുകയുണ്ടായി. പണ്ടു മുതലേ ലോകത്തിന്റെ ഫാര്‍മസി എന്നറിയപ്പെടുന്ന ഭാരതം ഇക്കാര്യത്തില്‍ ചരിത്രപരമായ പങ്കാണ് നിര്‍വഹിച്ചത്. ഈ മഹാമനസ്‌കതയ്‌ക്കും സമയോചിതമായ നടപടികള്‍ക്കും ലോകത്തെ വന്‍ ശക്തി രാഷ്‌ട്രങ്ങളും, ഐക്യരാഷ്‌ട്രസഭയും ലോകാരോഗ്യ സംഘടനയും പോലുള്ള രാജ്യാന്തര വേദികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദിയറിയിക്കുകയുണ്ടായി.
കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജനപ്പെരുപ്പംകൊണ്ടും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടും ഭാരതം വെല്ലുവിളി നേരിടുമ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ പ്രത്യുപകാരം ചെയ്യുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സഹായിച്ച ഭാരതത്തെ തിരിച്ചു സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന ചാള്‍സ് രാജകുമാരന്റെ വാക്കുകള്‍ കൃതജ്ഞതാ നിര്‍ഭരമാണ്. കൊവാക്‌സിന്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉള്‍പ്പെടെ 100 ദശലക്ഷം ഡോളറിന്റെ സഹായമാണ് അമേരിക്ക ഭാരതത്തിലെത്തിക്കുക. വലിയ തോതില്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഓക്‌സിജന്‍ പ്ലാന്റുകള്‍ ഭാരതത്തിലേക്ക് എത്തിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈദ്യ ചികിത്സയ്‌ക്കു വേണ്ട സാമഗ്രികള്‍ നല്‍കുമെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരിക്കുന്നു. ഒരു ദശലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌കുകളാണ് ആസ്‌ട്രേലിയ എത്തിക്കുക. ഓക്‌സിജന്‍ പ്ലാന്റുകളടക്കമുള്ള ചികിത്സാ സാമഗ്രികള്‍ ഫ്രാന്‍സ് എത്തിക്കും. വെന്റിലേറ്ററുകള്‍, 80 ദശലക്ഷം കെഎന്‍ 95 മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കുമെന്ന് ജര്‍മനി വ്യക്തമാക്കിയിരിക്കുന്നു. റഷ്യ, അയര്‍ലന്റ്, കുവൈറ്റ്, സിങ്കപ്പൂര്‍, സൗദി അറേബ്യ, ഹോങ്കോങ്, യുഎഇ തുടങ്ങിയ രാജ്യങ്ങളും പലതരം സഹായ വാഗ്ദാനങ്ങള്‍ ഭാരതത്തിന് നല്‍കിയിരിക്കുകയാണ്.
അധികാരമാറ്റത്തെ തുടര്‍ന്ന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായത് ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാകുമെന്ന് തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ ബന്ധം പുലര്‍ത്തിയതാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ ഇങ്ങനെയൊരു അകര്‍ച്ചയോ നയവ്യതിയാനമോ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ജോബൈഡനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് കൊവിഡ് പ്രതിരോധത്തില്‍ ഏതുവിധത്തിലും ഭാരതത്തെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആ രാജ്യം പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും മോദി ചര്‍ച്ച നടത്തുകയുണ്ടായി. ലോകത്തെ ഏതുരാജ്യവും ഈ കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ സഹായിക്കാന്‍ സ്വമേധയാ മുന്നോട്ടുവരുന്ന കാഴ്ച ആഹ്ലാദകരമാണ്. വസുധൈവ കുടുംബകം എന്ന വിശാലവും വിശുദ്ധവുമായ കാഴ്ചപ്പാട് മുന്‍നിര്‍ത്തി ലോകരാജ്യങ്ങളുമായി മോദി സര്‍ക്കാരിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സുദൃഢമായ സൗഹൃദബന്ധത്തിന്റെ തെളിവാണിത്. ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ നിലപാടുകള്‍ എടുക്കുന്നത് മറ്റ് രാജ്യങ്ങളെ അകറ്റുമെന്ന പ്രചാരണം അസ്ഥാനത്തായിരിക്കുന്നു. ഭാരതം സഹായത്തിനുവേണ്ടി കൈനീട്ടുകയല്ല. ആഗോളതലത്തില്‍ നമ്മുടെ രാഷ്‌ട്രത്തിന് കൈവന്നിരിക്കുന്ന കരുത്തും സ്വീകാര്യതയും കണക്കിലെടുത്ത് മറ്റ് രാജ്യങ്ങള്‍ കലവറയില്ലാതെ സഹായിക്കുന്നതാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: