പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. രണ്ടിനെതിരെ ഒരു ഗോളിനാണ് സിറ്റി നിര്‍ണായക ജയം നേടിയത്. പിഎസ്ജിയുടെ മൈതാനത്ത് വിജയവും രണ്ടും ഗോളും നേടാനായത് രണ്ടാം പാദത്തില്‍ സിറ്റിക്ക് കരുത്താകും.
ശ്രദ്ധയോടെയായിരുന്നു ഇരു ടീമുകളുടെയും തുടക്കം. ഗോള്‍ വഴങ്ങാതെ മുന്നോട്ടു പോകാനുള്ള തന്ത്രം തുടക്കം മുതല്‍ തുറന്നുകാട്ടി. എന്നാല്‍ സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ 15-ാം മിനിറ്റില്‍ പിഎസ്ജി ആദ്യ ഗോള്‍ നേടി. മാര്‍ക്കിഞ്ഞോസിന്റെ വകയായിരുന്നു ഗോള്‍. പലപ്പോഴും നെയ്മര്‍ മികച്ച മുന്നേറ്റം നടത്തി. ഗോളിന്റെ അറ്റത്ത് പല തവണയെത്തിയത് പിഎസ്ജിയുടെ സാധ്യത വര്‍ധിപ്പിച്ചു. എന്നാല്‍ പെപ് ഗ്വാര്‍ഡിയോളയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടത് മാത്രമായിരുന്നു സിറ്റിക്ക് വേണ്ടിയിരുന്നത്. പിഎസ്ജിയുടെ മുന്നേറ്റങ്ങളില്‍ പതറാതെ കളിയില്‍ പിടിച്ചുനില്‍ക്കുകയാണ് സിറ്റി ചെയ്തത്.
അനാവശ്യ ടാക്കിളുകള്‍ക്ക് പോകാതെ പിഎസ്ജിയെ തടഞ്ഞു നിര്‍ത്തുകയാണ് സിറ്റി ചെയ്തത്. ആദ്യ പകുതി ഒരു ഗോള്‍ മുന്നില്‍ പിഎസ്ജി എത്തിയപ്പോള്‍ വിജയം അവര്‍ക്കൊപ്പമെന്ന് തോന്നിച്ചു. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കളി നീങ്ങിയതോടെ സിറ്റി കളി മാറ്റി. പിഎസ്ജിക്കെതിരെ തുടരെ ആക്രമണങ്ങള്‍ നടത്തി. 64-ാം മിനിറ്റല്‍ കെവിന് ഡിബ്ര്യുയ്നിലൂടെ സിറ്റിക്ക് ആദ്യ ഗോള്‍. ഏഴ് മിനിറ്റ് ഇപ്പുറം വീണ്ടും സിറ്റിയുടെ ഗോള്‍. ഇത്തവണ റിയാദ് മെഹ്റസിന്റെ വകയായിരുന്നു ഗോള്‍. ഇതിനിടെ 77-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഇദ്രിസ ഗുയേക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയതും ടീമിന് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദത്തില്‍ താരത്തിന് കളിക്കാനാകില്ല. പാരിസില്‍ ലഭിച്ച വിജയവും രണ്ട് ഗോളിന്റെ മുന്‍തൂക്കവും അടുത്ത മത്സരത്തില്‍ സിറ്റിക്ക് കരുത്താകും. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ് പിഎസ്ജിക്ക് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: