ചെറുപുഴ: കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ കർഷക കൂട്ടായ്‌മ നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷിച്ചു. പ്രമുഖ ജൈവ കർഷകനായ തെരുവൻകുന്നേൽ കുര്യാച്ചന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താൻ ജൈവ മരുന്ന് കണ്ടുപിടിച്ചത്.
കഴിഞ്ഞ എട്ടാം തിയതിയാണ് രാജഗിരി നവജീവൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ മരുന്നിന്റെ നിർമ്മാണം നടന്നത്. 21 ദിവസങ്ങൾക്ക് ശേഷമാണ് മരുന്ന് പരീക്ഷണാടിസ്‌ഥാനത്തിൽ ഇന്നലെ (28.04.21) കാനവയലിലെ കാട്ടാന ശല്യമേറെയുള്ള കൃഷിയിടത്തിൽ സ്‌പ്രേ ചെയ്‌തത്. ചാണകം, ആനയുടെ വിസർജ്യം, ആട്ടിൻ കാഷ്‌ഠം, ഗോമൂത്രം, അറവ് ചെയ്‌ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങൾ, വെല്ലം, കാട്ട് പുകയില, പേര് വെളിപ്പെടുത്താത്ത പച്ചിലകൾ, ചില പച്ച മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് ആനകളെ തുരത്താനുള്ള പച്ച മരുന്ന് നിർമ്മിച്ചത്.
ഇത് സസ്യങ്ങളിൽ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന്റെ രൂക്ഷ ഗന്ധം കാരണം സസ്യഭുക്കായ ഒരു മൃഗവും ഇവ തളിച്ച സസ്യങ്ങൾ കഴിക്കില്ലെന്നാണ് വിലയിരുത്തൽ. മുൻപ് ഇവർ കുരങ്ങ് ശല്യത്തിനെതിരേ നിർമ്മിച്ച ജൈവ മരുന്ന് ഫലപ്രദമായിരുന്നു. നിരവധി കർഷകർ ഇത് ഉപയോഗിച്ച് വരുന്നു. ആന ശല്യത്തിനെതിരേ ഇപ്പോൾ കണ്ടുപിടിച്ച മരുന്ന് ഫലപ്രദമായാൽ അത് കർഷകർക്ക് ഒരു വലിയ നേട്ടം തന്നെയായിരിക്കും.
ജൈവ മരുന്ന് ആനശല്യം ഏറ്റവും കൂടുതലുള്ള കാനംവയൽ ചേന്നാട്ട്കൊല്ലിയിലെ കായമ്മാക്കൽ സണ്ണിയുടേയും നെല്ലിക്കുന്നേൽ ജോബിയുടേയും കൃഷിയിടത്തിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ഈ കൃഷിയിടങ്ങൾ കർണ്ണാടക വനത്തോട് ചേർന്ന് കിടക്കുന്നവയാണ്. നിരവധി തവണ ഇവിടെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്‌സാണ്ടർ, സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ചെറുപുഴ കൃഷി ഓഫീസർ എ. രജീന, പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ്, കുര്യാച്ചൻ തെരുവൻകുന്നേൽ, നവജീവൻ കർഷക സംഘാംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജൈവ മരുന്ന് നിർമ്മാണത്തെക്കുറിച്ചറിഞ്ഞ് നിരവധി കർഷകരാണ് നവജീവൻ കർഷക സംഘവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: