ചെന്നൈ: തമിഴ്നാട്ടില്‍ മെയ് 2ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ കര്‍ശനമാക്കുന്നത്. തെരഞ്ഞെടുപ്പ് റാലികള്‍ നടത്താന്‍ അനുവദിച്ചതിനാലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമായതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുവര് ഒന്നുകില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിച്ചിരിക്കണം, അതല്ലെങ്കില്‍ രണ്ട് വാക്സിനും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് തമിഴ്നാട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യബ്രത സാഹൂ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഒരുക്കണം. ഇവിടേക്കുള്ള സ്ഥാനാര്‍ത്ഥികളുടെയും പോളിംഗ് ഏജന്റുമാരുടെയും പ്രവേശനം കര്ശനവ്യവസ്ഥകളോടെയായിരിക്കും. മെയ് രണ്ടിന് വോട്ടെണ്ണല്‍ ഫലം പുറത്തുവന്ന ശേഷമുള്ള വിജയാഹ്ലാദപ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: