തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി യോഗേശാനന്ദ (64) സമാധിയായി. ഇന്ന് രാവിലെ 8.25ന് വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ സഹോദരനാണ്.
തലച്ചോറിലുണ്ടായ അസുഖങ്ങള്‍ കാരണം ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടയില്‍ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച വ്യക്തി ആയിരുന്നു സ്വാമി യോഗേശാനന്ദ. മികച്ച വാഗ്മി ആയിരുന്നു. ‘മായയും മഹിമയും’ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1994ല്‍ ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു.
കായിക്കര ശങ്കരിവിലാസത്തില് സദാശിവന്, ഭാനുമതി ദമ്പതികളുടെ ആറ് മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു സ്വാമി യോഗേശാനന്ദ. 1982ല്‍ ശിവഗിരി മഠാധിപതി ആയിരുന്ന ഗീതാനന്ദ സ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രചൂഡന് എന്നായിരുന്നു.
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വൈകുന്നേരം മൂന്ന് മണിയോടെ ശിവഗിരി സമാധി പറമ്പില്‍ സമാധിയിരുത്തും. മറ്റ് സഹോദരങ്ങള്‍: ശാന്ത, പരേതനായ റോഷന് ( റിട്ട. ഡി.വൈ.എസ്.പി), ദയാല്‍ ( ബോട്ടാണിക്കല്‍ ഗാര്ഡന് റിട്ട. പി.ആര്.ഒ), സുപ്രഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: