മഹാമാരി താണ്ഡവമാടുമ്പോള്‍ അതിനെ ചെറുത്തു തോല്പിക്കാന് നോക്കാതെ ദുഷ്പ്രചാരണം നടത്തുന്നത് യുദ്ധപ്രഖ്യാപനം തന്നെയാണ്. ഭാരതത്തിലെ രാഷ്ടീയാവസ്ഥയുടെ മ്ലേച്ഛ വൈറസുകളാല്‍ ആക്രമിക്കപ്പെടുന്ന മീഡിയകള്‍ ഇപ്പോള്‍ നടത്തുന്നതും അതത്രേ. ഒളിയജണ്ടകളുടെ മഹാ പ്രവാഹമായിരുന്നെങ്കില് ഇപ്പോള്‍ നേരിട്ടുള്ള മിസൈല്‍ വര്‍ഷമായി എന്നു മാത്രം.
രാഷ്ട്രീയ അജണ്ടയ്ക്കൊപ്പം ചുവടു വെക്കുന്ന മീഡിയകളെ പെട്ടെന്ന് തിരിച്ചറിയാമെന്നിരിക്കെ മറ്റുള്ളവ അങ്ങനെയല്ല. നിഷ്പക്ഷതയുടെ തൂവല്സ്പര്ശമെന്നു തോന്നിക്കുമെങ്കിലും വജ്രവാള്മുനയാണ് അവ ഒളിപ്പിച്ചുവച്ച് പ്രയോഗിക്കുന്നത്. കൊറോണ മരണങ്ങളെ കഴുകന്റെ ആര്‍ത്തിയോടെ കൊത്തിക്കീറി ആസ്വദിക്കുന്നതായിരുന്നു മലബാര്‍ ആസ്ഥാനമായുള്ള ഒരു പ്രമുഖ പത്രത്തിന്റെ കഴിഞ്ഞ ദിവസത്തെ ഒന്നാം പേജ്. ഡല്‍ഹിയിലെ ആശുപത്രി അധികൃതര്‍ നിഷേധിച്ച വാര്‍ത്തയാണ് പ്രാണവായു കിട്ടാതെയുള്ള കൊറോണ കൂട്ട മരണമായി പത്രം ചിത്രീകരിച്ചത്. നീറിനീറി മരിക്കുന്നവരെക്കുറിച്ചുള്ള ആ തലക്കെട്ടില്‍ പത്രത്തിന്റെ ഊറിയൂറിയുള്ള ചിരി തെളിഞ്ഞു കാണാമായിരുന്നു. ദുരന്തങ്ങളെ ആഘോഷമാക്കുകയും വില്പന ചരക്കാക്കുകയും ചെയ്യുന്നതിനെതിരായ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠം പോലും മറന്നുപോയിരിക്കുന്നു ഇത്തരം മാധ്യമങ്ങള്‍. ഇന്ത്യാ വിരുദ്ധതയും മോദി വിരുദ്ധതയും തലക്കു പിടിച്ച വിദേശ മാധ്യമങ്ങളുമായിതോളോടു തോള് ചേര്‍ന്നാണ് ഇത്തരക്കാരുടെ വിഷലിപ്തമായ മാധ്യമ പ്രവര്‍ത്തനം.
കോട്ടയം കേന്ദ്രമായ ഒരു പത്രം മുന്‍ പറഞ്ഞ വജ്രവാള് പ്രയോഗം അടുത്തിടെ സജീവമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനെ എങ്ങനെയൊക്കെ അപകീര്‍ത്തിപ്പെടുത്താമെന്ന അജണ്ട പത്രാധിപ സമിതി പുഴുങ്ങി വെച്ചുകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ ആവോളമുള്ള സഹകരണം അവര്‍ക്കു ലഭിക്കുന്നുമുണ്ട്. ദിനംപ്രതി വിളമ്പാന്‍ വിഭവങ്ങള്‍ കലവറയില്‍ സുലഭം.
കഴിഞ്ഞ ദിവസം ഇറങ്ങിയ ആ പത്രത്തിന്റെ ഒന്നാം പുറത്തിലും ഏഴാംപുറത്തിലെ ‘വാരഫല’ ത്തിലും ടാര്‍ഗറ്റ് നരേന്ദ്ര മോദി തന്നെ. ഒന്നാം പുറത്തിലെ വാര്‍ത്തയുമായി പുലബന്ധമില്ലാത്ത കാര്‍ട്ടൂണാണ് കൊടുത്തിരിക്കുന്നത് എന്നത് വിഷത്തിന്റെ കാഠിന്യം എത്രയുണ്ടെന്നതിന് തെളിവ്. പത്ര പ്രവര്‍ത്തനത്തിന്റെ ബാലപാഠം അറിയുന്നവര്‍ ചെയ്യാത്ത രീതിയത്രെ അത്. തട്ടുകടക്കാരനാക്കി പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിനേക്കാള് അതില്‍ ഒളിഞ്ഞിരിക്കുന്നത് പിടിച്ചുപറിക്കാരനും ദയാരഹിതനുമാണ് മോദിയെന്നത്രേ. അവിടെ ഭക്ഷണമാണ് കാര്‍ട്ടൂണിലെ മോദി പുറത്ത് കൊണ്ടുപോവുന്നതെങ്കില് ‘വാരഫല ‘ ത്തില്‍ അത് ഓക്സിജനാവുന്നു എന്നേയുള്ളൂ. ഫലത്തില്‍ പത്രത്തിന്റെ അജണ്ട പകല്‍പോലെ വ്യക്തം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാരെ കിട്ടിയ അവസരങ്ങളിലൊക്കെ അപമാനിക്കുന്ന രീതിയുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയുള്‍പ്പെടെയുള്ള മഹാരഥന്മാര് അതിന് വിധേയരായിട്ടുണ്ട്. ആ ബ്രിട്ടീഷ്പ്രേതം തന്നെയാവില്ലേ ‘ മിസ്റ്റര്‍ ഗാന്ധി ‘ എന്നു അന്ന് വിശേഷിപ്പിച്ച ഈ പത്രം പിന്തുടരുന്നത്. നിഷ്പക്ഷമതികള്‍ അങ്ങനെ കരുതിയാല്‍ തെറ്റുപറയാനാവുമോ?
വാക്സീന് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സുപ്രധാനമായ പ്രഖ്യാപനവും വിശദീകരണവും ആരും കാണാത്തിടത്ത് കൊടുക്കാനുള്ള ‘ ഔചിത്യ ‘ വും പത്രം കാണിച്ചിട്ടുണ്ട്. നിഷ്പക്ഷമെന്ന പേരില്‍ പ്രതിപക്ഷത്തിന്റെ അജണ്ട നടപ്പാക്കാന്‍ കാണിക്കുന്ന ഔത്സുക്യത്തിന്റെ പത്തിലൊരംശം കോവിഡ് മഹാമാരിക്കെതിരെ ചെലവഴിച്ചിരുന്നുവെങ്കില്‍ ‘കേരളകാന്‍’ എന്ന സംരംഭത്തിനെങ്കിലും ആത്മാര്‍ഥതയുണ്ടെന്ന് പറയാമായിരുന്നു. കോവിഡിനെക്കാള്‍ വിഷംമുറ്റിയ വൈറസിന് വാക്സിന് എപ്പോള്‍ തയാറാവുമെന്ന് ആര്‍ക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: